Featured Sports

ടി20 ലോകകപ്പ് ജയിപ്പിച്ചിട്ടും സൂര്യകുമാറിന്റെ ക്യാപ്റ്റൻ സ്ഥാനം ഭീഷണിയിൽ? ഫോമില്ലെങ്കിൽ പുറത്തേക്ക്!

ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ നയിച്ചെങ്കിലും, സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിലെ മോശം ഫോം ബിസിസിഐയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള ടീം പദ്ധതികളിൽ സൂര്യകുമാർ ഉണ്ടാകുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ സൂര്യകുമാറിന് നിർണ്ണായകമാകും. ക്യാപ്റ്റൻ എന്നതിലുപരി ഒരു ബാറ്റർ എന്ന നിലയിലായിരിക്കും ഈ ടൂറിൽ അദ്ദേഹം കൂടുതൽ വിലയിരുത്തപ്പെടുക. 2028-ലെ ഒളിമ്പിക്സും ടി20 ലോകകപ്പും എത്തുമ്പോഴേക്കും സൂര്യകുമാറിന് 38 വയസ്സാകുമെന്നതും സെലക്ഷൻ കമ്മിറ്റിയെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു.

ഹെഡ് കോച്ച് ഗൗതം ഗംഭീറിന് സൂര്യകുമാറിനോട് താല്പര്യമുണ്ടെങ്കിലും, പ്രകടനം മോശമായാൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. 2025-ൽ സൂര്യകുമാറിന്റെ ബാറ്റിങ് ഫോം വളരെ ദയനീയമായിരുന്നു. എന്നാൽ 2026-ൽ അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും ലോകകപ്പിലെ നിർണ്ണായക മത്സരങ്ങളിൽ പരാജയപ്പെട്ടത് തിരിച്ചടിയായി.

സെമി ഫൈനലിൽ 11 റൺസിനും ഫൈനലിൽ പൂജ്യത്തിനും പുറത്തായ സൂര്യകുമാറിന്റെ പ്രകടനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അഭിഷേക് ശർമ, സഞ്ജു സാംസൺ തുടങ്ങിയ യുവതാരങ്ങൾ മികച്ച ഫോമിൽ തുടരുന്നത് സൂര്യകുമാറിന് ഭീഷണിയാണ്.

അതിനിടെ, 16 വയസ്സ് പോലും തികയാത്ത യുവതാരം വൈഭവ് സൂര്യവംശിയെ ടീമിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്. അയർലൻഡ് പര്യടനത്തിനുള്ള സാധ്യതാ പട്ടികയിൽ വൈഭവ് ഇടംപിടിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി വൈഭവ് അരങ്ങേറാനാണ് സാധ്യത.

അയർലൻഡ് പര്യടനത്തിലോ, സിംബാബ്‌വെ പര്യടനത്തിലോ അതല്ലെങ്കിൽ ഏഷ്യൻ ഗെയിംസിലോ വൈഭവിന് അവസരം ലഭിച്ചേക്കാം. യുവതാരങ്ങളെ ടീമിലേക്ക് പരിഗണിക്കുമ്പോൾ മുതിർന്ന താരങ്ങളുടെ ഫോമും പ്രായവും ബിസിസിഐ കാര്യമായി തന്നെ പരിശോധിക്കുന്നുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളിലെ പ്രകടനം തന്നെയായിരിക്കും സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻ സ്ഥാനത്തിന്റെയും ടീമിലെ സ്ഥാനത്തിന്റെയും ഭാവി തീരുമാനിക്കുക.