Featured Good News

എങ്ങനെ ഞാൻ പിരിയും? ‘മക്കളെ’ ചേർത്തുപിടിച്ച് കരഞ്ഞ് വധു; കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങൾ!- വീഡിയോ

വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ പ്രിയപ്പെട്ടവരെയെല്ലാം വിട്ടുപിരിയുന്ന വധുവിന്റെ സങ്കടം നാം പലപ്പോഴും കാണാറുണ്ട്. എന്നാൽ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള ഗൗരി സിംഗ് എന്ന വധുവിന്റെ യാത്രയയപ്പ് ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നിറയിക്കുകയാണ്.

തന്നെ വിട്ടുപോകാൻ അനുവദിക്കാതെ ബാൽക്കണിയിൽ നിന്ന് സങ്കടത്തോടെ നോക്കി നിൽക്കുന്ന തന്റെ മൂന്ന് വളർത്തുനായ്ക്കൾക്ക് അരികിലേക്ക് ഓടിയെത്തുന്ന ഗൗരിയാണ് വീഡിയോയിലുള്ളത്.

സ്നോവി, മിഷ്കു, ലൈല എന്നീ തന്റെ പ്രിയപ്പെട്ട നായ്ക്കൾക്കായി തുടങ്ങിയ ‘ഡോഗു സ്ക്വാഡ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിൽ നിന്നിറങ്ങിയ സമയത്ത് ബാൽക്കണിയിൽ നിന്ന് നായ്ക്കൾ നിർത്താതെ കുരയ്ക്കുകയും സങ്കടം പ്രകടിപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ഗൗരിക്ക് തന്റെ വികാരങ്ങൾ നിയന്ത്രിക്കാനായില്ല. കലങ്ങിയ കണ്ണുകളുമായി ഗൗരി തിരികെ അവയുടെ അടുത്തേക്ക് ഓടിച്ചെല്ലുകയായിരുന്നു.

താൻ കൂടെയുണ്ടെന്ന് പറഞ്ഞ് ഓരോരുത്തരെയും ചേർത്തുപിടിച്ച് ഉമ്മ നൽകി ആശ്വസിപ്പിക്കുന്ന ഗൗരിയുടെ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. 4.8 കോടിയിലധികം കാഴ്ചക്കാരും 33 ലക്ഷത്തിലേറെ ലൈക്കുകളും ഈ വീഡിയോ നേടിയിട്ടുണ്ട്.

‘യഥാർത്ഥ പെറ്റ് പേരെന്റ്സിന് മാത്രമേ ഈ വേദന മനസ്സിലാകൂ’ എന്നും നായ്ക്കളെയും കൂടെ കൊണ്ടുപോകണമെന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന വികാരനിർഭരമായ കമന്റുകൾ. മൃഗങ്ങൾ മനുഷ്യരേക്കാൾ വിശ്വസ്തരാണെന്ന് ഈ ദൃശ്യങ്ങൾ വീണ്ടും തെളിയിക്കുന്നുവെന്ന് പലരും കുറിച്ചു.