Oddly News

ടെക്സാസിൽ ഗൃഹപ്രവേശത്തിന് പശുക്കളെ വീടിനുള്ളിലെത്തിച്ച് ഗോപൂജ; ഇന്ത്യൻ ആചാരം കണ്ട് അമ്പരന്ന് വിദേശികൾ- വീഡിയോ

ടെക്സസിലെ ഡാളസിൽ ഒരു പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുമായി ബന്ധപ്പെട്ട് പശുക്കളെ വീടിനുള്ളിലൂടെ നടത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ സാംസ്കാരിക ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കുടിയേറ്റം, മതസ്വാതന്ത്ര്യം, പ്രാദേശിക സംസ്കാരവുമായുള്ള ഇണങ്ങിച്ചേരൽ എന്നീ വിഷയങ്ങളിലാണ് ടെക്സസിൽ ഇപ്പോൾ തർക്കം നടക്കുന്നത്.

ടെക്സസിലെ വാലറിലുള്ള ‘ടെക്സസ് ഗോഷാല’ എന്ന ഹിന്ദു ഗോസംരക്ഷണ കേന്ദ്രമാണ് ഈ വീഡിയോ ആദ്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഹിന്ദു വിശ്വാസപ്രകാരം പവിത്രമായി കരുതുന്ന പശുക്കളെ ഗൃഹപ്രവേശ ചടങ്ങിന്റെ ഭാഗമായി വീട്ടിലേക്ക് ആനയിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീടിന് ഐശ്വര്യവും സംരക്ഷണവും നൽകാനാണ് ഈ ആചാരമെന്ന് ഗോഷാലയുടെ കുറിപ്പിൽ പറയുന്നു.

എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വൈറലായതോടെ ഭിന്നിച്ച പ്രതികരണങ്ങളാണ് ഉയരുന്നത്. ഡാളസിലെ ഒരു ലക്ഷ്വറി വില്ലയിൽ നടന്ന ഈ ചടങ്ങിനെ വിമർശിച്ചുകൊണ്ട് ചിലർ രംഗത്തെത്തി. ഇന്ത്യൻ കുടിയേറ്റക്കാർ അമേരിക്കൻ സംസ്കാരവുമായി ഇണങ്ങിച്ചേരാൻ താല്പര്യപ്പെടുന്നില്ലെന്നും ഇത്തരം ആചാരങ്ങൾ പരിഷ്കൃതമല്ലെന്നുമാണ് ഇവരുടെ വാദം. നോർത്ത് ടെക്സസിൽ ഇത്തരം മൃഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൂജകൾക്ക് ആവശ്യക്കാർ ഏറുന്നുണ്ടെന്നും ഇതിനായി ബിസിനസ് ഗ്രൂപ്പുകൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും കൺസർവേറ്റീവ് സംഘടനകൾ ആരോപിക്കുന്നു.

എന്നാൽ, ഈ വിമർശനങ്ങളെ എതിർത്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി. സ്വന്തം വീട്ടിൽ ഏത് രീതിയിലുള്ള ചടങ്ങുകൾ നടത്തണമെന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്ന് ഇവർ വാദിക്കുന്നു. മദ്യം വിളമ്പിക്കൊണ്ട് വീടുകളിൽ പാർട്ടി നടത്തുന്നത് ‘മോഡേൺ’ ആയി കാണുന്നവർ, പവിത്രമായ ഒരു ജീവിയെ വീട്ടിലേക്ക് ആനയിക്കുന്നതിനെ വിമർശിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഈ ചടങ്ങ് ആർക്കും ഉപദ്രവമുണ്ടാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ടെക്സസിൽ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ ചർച്ചയാകുന്നത്. പൊതു സർവകലാശാലകളിലും സർക്കാർ സ്ഥാപനങ്ങളിലും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ മരവിപ്പിക്കാൻ ഗവർണർ ഗ്രെഗ് ആബട്ട് അടുത്തിടെ ഉത്തരവിട്ടിരുന്നു. കൂടാതെ വിസ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ടെക്സസിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമൂഹം തങ്ങളുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്നത് അമേരിക്കൻ സമൂഹത്തിൽ എങ്ങനെയെല്ലാം ചർച്ച ചെയ്യപ്പെടുന്നു എന്നതിന്റെ സൂചനയാണ് ഈ വിവാദം നൽകുന്നത്.