Celebrity

“അഹങ്കാരമാണ് ഞങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നത്”; ഐശ്വര്യയുമായുള്ള ദാമ്പത്യ രഹസ്യം വെളിപ്പെടുത്തി അഭിഷേക്!

അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും തമ്മിലുള്ള വിവാഹബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലപ്പോഴും പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാറുണ്ട്. ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾക്കിടയിലും തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ചും മാതാപിതാക്കൾ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അഭിഷേക് ബച്ചൻ. ലില്ലി സിംഗുമായുള്ള അഭിമുഖത്തിലാണ് തന്റെ കുടുംബജീവിതത്തെക്കുറിച്ച് താരം സംസാരിച്ചത്.

തന്റെയും ഐശ്വര്യയുടെയും ബന്ധം ഒരു പങ്കാളിത്തമാണെന്നും അതിന് പിന്നിൽ തന്റെ ‘ശക്തമായ ഈഗോ’ (അഹംഭാവം) ഉണ്ടെന്നുമാണ് അഭിഷേക് പറയുന്നത്. എന്നാൽ ഈഗോ എന്ന വാക്കിനെ നെഗറ്റീവ് അർത്ഥത്തിലല്ല അദ്ദേഹം ഉപയോഗിച്ചത്. തനിക്ക് വിജയിക്കാൻ മറ്റൊരാൾ ഓട്ടം നിർത്തണമെന്നോ പിന്നോട്ട് പോകണമെന്നോ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐശ്വര്യയേക്കാൾ താൻ വലിയവനാണെന്ന് കാണിക്കാൻ അവളോട് ജോലി നിർത്താൻ ആവശ്യപ്പെടുന്ന തരത്തിലുള്ള ചിന്താഗതി തനിക്കില്ലെന്നും, അത്തരമൊരു ആണത്തത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐശ്വര്യയും അതുപോലെ തന്നെയാണ് ചിന്തിക്കുന്നത്. തന്റെ മാതാപിതാക്കളുടെ കാര്യമെടുത്താൽ, അവർ വിവാഹിതരാകുമ്പോൾ അച്ഛനേക്കാൾ വലിയ താരം അമ്മയായിരുന്നുവെന്നും അതുകൊണ്ട് തന്നെ അത്തരമൊരു സാഹചര്യം തനിക്ക് അസ്വാഭാവികമല്ലെന്നും അഭിഷേക് പറഞ്ഞു.

ഐശ്വര്യയുമായി തനിക്ക് വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്ന് താരം ഓർത്തെടുത്തു. തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ ഐശ്വര്യയായിരുന്നു നായിക. പ്രണയത്തിലാകുന്നതിന് മുൻപേ തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പര ബഹുമാനത്തോടെയുള്ള ഒരു പങ്കാളിത്തമാണ് തങ്ങളുടേതെന്നും, വീട്ടിലെ കാര്യങ്ങൾ ഇന്ന ആൾ ചെയ്യണമെന്നോ ഭക്ഷണം ഇന്ന ആൾ കൊണ്ടുവരണമെന്നോ ഉള്ള യാതൊരു നിബന്ധനകളും തങ്ങൾക്കിടയിലില്ലെന്നും അത് സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ വളർത്തുന്ന കാര്യത്തിൽ അച്ഛന്മാർ അല്പം മോശം അധ്യാപകരാണെന്നും അഭിഷേക് തമാശരൂപേണ പറഞ്ഞു. സ്ത്രീകളെപ്പോലെ അത്രയും സെൻസിറ്റീവ് ആയി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പലപ്പോഴും പുരുഷന്മാർക്ക് കഴിയില്ല. വാക്കുകളിലൂടെ ഉപദേശിക്കുന്നതിനേക്കാൾ പ്രവർത്തിയിലൂടെ മാതൃകയാകാനാണ് തങ്ങൾ ശ്രമിക്കുന്നത്. തങ്ങളുടെ മകൾ ആരാധ്യയ്ക്ക് മുന്നിൽ ശരിയായ മൂല്യങ്ങളോടെ ജീവിച്ച് കാണിച്ചു കൊടുക്കുകയാണ് തങ്ങൾ ചെയ്യുന്നത്. വീട്ടിൽ ആര് പുരുഷനാകണം ആര് സ്ത്രീയാകണം എന്ന കാര്യത്തിൽ യാതൊരു മത്സരവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2007 ഏപ്രിൽ 20-നായിരുന്നു ഇവരുടെ വിവാഹം. ഈ വർഷം ഇരുവരും തങ്ങളുടെ വിവാഹത്തിന്റെ 19-ാം വർഷത്തിലേക്ക് കടക്കുകയാണ്.