ഹിമാചല്‍ പ്രദേശിലെ അടല്‍ ടണലിന്റെ വടക്കേ കവാടത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ 34 വയസുകാരനായ വിനോദസഞ്ചാരിക്കു ദാരുണാന്ത്യം. മൂന്ന് പേര്‍ക്കു പരുക്കേറ്റു. നിർമ്മാണ സ്ഥലത്തെ ഇരുമ്പ് കമ്പികൾ വാഹനത്തിനുള്ളിലേക്ക് പൂർണ്ണമായി തുളച്ചുകയറിയ നിലയിലുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നിർമ്മാണത്തിലിരിക്കുന്ന ഒരു പാലത്തിന്റെ തൂണിലേക്ക് കാർ ഇടിച്ചുകയറുകയും, അവിടെയുണ്ടായിരുന്ന നിരവധി ഇരുമ്പ് കമ്പികൾ വാഹനത്തിന് നടുവിലൂടെ തുളച്ചുകയറി കാർ പൂർണ്ണമായും തകർന്ന നിലയിലുമാണ് ദൃശ്യങ്ങളിലുള്ളത്.
രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ കൈലാഷ് (34) ആണ് അപകടത്തിൽ മരിച്ചത്. ഉത്തർപ്രദേശിലെ ലഖിംപൂർ സ്വദേശിയായ ആദിത്യ, രാജസ്ഥാൻ സ്വദേശികളായ രാജേന്ദ്ര, വാഹനം ഓടിച്ചിരുന്ന സിദ്ധാർത്ഥ് എന്നിവർക്കാണ് പരിക്കേറ്റത്. മണാലിയിൽ നിന്ന് ലാഹോളിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘമാണ് ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ അടൽ ടണലിന്റെ നോർത്ത് പോർട്ടലിന് സമീപം അപകടത്തിൽപ്പെട്ടത്.
ടണലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെ അമിതവേഗതയിലായിരുന്ന സ്കോർപ്പിയോ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. വളവ് തിരിയുന്നതിനിടയിൽ നിയന്ത്രണം വിട്ട വാഹനം ചന്ദ്ര നദിക്ക് സമീപത്തേക്ക് പതിക്കുകയും നിർമ്മാണത്തിലിരുന്ന പാലത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ അവിടെയുണ്ടായിരുന്ന ഇരുമ്പ് കമ്പികൾ കാർ തുളച്ച് കയറിയതോടെ യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി.
പരിക്കേറ്റ വിനോദസഞ്ചാരികളെ ഉടൻ തന്നെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയതായി സിസ്സു സ്റ്റേഷൻ ഹൗസ് ഓഫീസർ മുകേഷ് റാത്തോഡ് അറിയിച്ചു. മഴക്കാലത്ത് റോഡുകളിൽ വഴുക്കലുണ്ടാകാനും കാഴ്ചമറയാനും സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളില്‍ മലയോര മേഖലകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അമിതവേഗത അരുതെന്നും പോലീസ് വിനോദസഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്ത് റോഡുകളിലെ വഴുക്കലും കുറഞ്ഞ കാഴ്‌ചപരിധിയും അപകടസാധ്യത വളരെയധികം വര്‍ധിപ്പിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.




