Oddly News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം, ലൈംഗിക അപവാദങ്ങള്‍; ആന്‍ഡ്രൂ രാജകുമാരന്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ചു

ലണ്ടന്‍: ലൈംഗിക അപവാദങ്ങളില്‍ കുടുങ്ങിയ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍(65) രാജകീയ പദവികളെല്ലാം ഉപേക്ഷിച്ചു. സഹോദരന്‍കൂടിയായ ചാള്‍സ്‌ മൂന്നാമന്‍ രാജാവിന്റെ സമ്മര്‍ദത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണു തീരുമാനം. നാലു പതിറ്റാണ്ടിലേറെ നീണ്ട വിവാദങ്ങള്‍ക്കുശേഷമാണ്‌ അദ്ദേഹത്തിന്റെ പിന്മാറ്റം.

എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ആന്‍ഡ്രൂ. 1984 ല്‍ ലോസ്‌ ഏഞ്‌ജല്‍സിലെ വാട്ട്‌സ്‌ എന്ന സ്‌ഥലത്ത്‌ നിര്‍മാണ പദ്ധതി സന്ദര്‍ശിക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നേരെ പെയിന്റ്‌ സ്‌പ്രേ ചെയ്‌താണ്‌ അദ്ദേഹം ആദ്യ വിവാദം സൃഷ്‌ടിച്ചത്‌. ‘എനിക്ക്‌ അത്‌ ആസ്വദിക്കാന്‍ കഴിഞ്ഞു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2011 ലാണു ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള ആന്‍ഡ്രൂവിന്റെ ബന്ധം പുറത്തുവന്നത്‌. എപ്‌സ്‌റ്റീന്‍ നിരവധി പെണ്‍കുട്ടികളെ ആന്‍ഡ്രൂവിനു കാഴ്‌ചവച്ചതായുള്ള വിവരവും പുറത്തുവന്നു. അതേത്തുടര്‍ന്നു ബ്രിട്ടന്റെ പ്രത്യേക വ്യാപാര പ്രതിനിധിയെന്ന സ്‌ഥാനം നഷ്‌ടമായി.
2019 ല്‍ എപ്‌സ്‌റ്റീനെ ലൈംഗിക കടത്ത്‌ കേസില്‍ രണ്ടാമതും അറസ്‌റ്റ്‌ ചെയ്‌തു. അയാള്‍ സമ്മാനിച്ച പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുമായി ആന്‍ഡ്രൂ ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന ആരോപണം വലിയ വിവാദമായി. 2010 ഡിസംബറില്‍ താന്‍ എപ്‌സ്‌റ്റീനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ആന്‍ഡ്രൂ പറഞ്ഞു. അപ്പോഴേക്കും വൈകിയിരുന്നു.

2020 ലാണ്‌ അദ്ദേഹത്തിനെതിരായ നടപടികള്‍ക്കു തുടക്കമായത്‌. 230 സന്നദ്ധ സംഘടദനകളുടെ രക്ഷാധികാരി എന്ന സ്‌ഥാനത്ത്‌ നിന്ന്‌ അദ്ദേഹത്തെ പുറത്താക്കി.കഴിഞ്ഞ വര്‍ഷം ചൈനീസ്‌ ചാരനെന്നു സംശയിക്കുന്നയാളുമായുള്ള ആന്‍ഡ്രൂവിന്റെ ബന്ധം കോടതി രേഖകളില്‍ വെളിപ്പെട്ടു.