ന്യൂഡല്‍ഹി: ഒരു സ്ത്രീ രാത്രി വൈകി മറ്റൊരു പുരുഷനോട് ഫോണില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ മാത്രം അവളുടെ സ്വഭാവത്തെ ചോദ്യംചെയ്യാനോ കോള്‍ വിവരങ്ങള്‍ ആവശ്യപ്പെടാനോ കഴിയില്ലെന്ന് ഡല്‍ഹി കോടതി.
നിലവിലുള്ള ഒരു ഗാര്‍ഹിക പീഡനക്കേസിലെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ പ്രധാന നിരീക്ഷണം. ഭാര്യയുടെയും മറ്റൊരാളുടെയും കോള്‍ റെക്കോർഡുകൾ സൂക്ഷിച്ചുവെക്കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച അപ്പീൽ നിരസിച്ചുകൊണ്ട്, അത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത് ന്യായമല്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷുനാലി ഗുപ്ത വ്യക്തമാക്കി.
വ്യഭിചാര ബന്ധം തെളിവുകളോടെ ആരോപിക്കപ്പെടാത്തിടത്തോളം കാലം, വെറും ഫോണ്‍വിളികളുടെ പേരില്‍ സ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കാന്‍ കഴിയില്ലെന്ന് ജൂണ്‍ രണ്ടിലെ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. ഭാര്യ രാത്രികാലങ്ങളിൽ ചില വ്യക്തികളുമായി പതിവായി ഫോണിൽ സംസാരിക്കാറുണ്ടെന്നും, പിന്നീട് മൊബൈൽ കമ്പനികൾ ഈ വിവരങ്ങൾ മായ്ച്ചുകളഞ്ഞേക്കാമെന്നും ചൂണ്ടിക്കാണിച്ചാണ് കോൾ റെക്കോർഡുകൾ സൂക്ഷിക്കണമെന്ന് ഭർത്താവ് വാദിച്ചത്.




