Celebrity

‘ആദ്യം മേത്തച്ചിയാക്കി, ശേഷം ജിഹാദിയാക്കി, കൂട്ടുനിന്നത് ജനപ്രതിനിധി മുതല്‍ പലരും‘ കടുത്ത ആരോപണങ്ങളുമായി അന്‍സിബ

കൊച്ചി: സിനിമ മേഖലയിൽ തനിക്കെതിരെ മനപ്പൂർവം നടക്കുന്ന വ്യക്തിഹത്യക്കും നിരന്തര വേട്ടയാടലുകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി അൻസിബ ഹസൻ വീണ്ടും രംഗത്തെത്തി. തന്നെ ആദ്യം ‘മേത്തച്ചി’യെന്നും പിന്നീട് ‘ജിഹാദി’യെന്നും വിളിച്ച് ആക്ഷേപിച്ചതായും, മതപരിവർത്തനം നടത്തിയെന്ന പേരിൽ തനിച്ചാക്കാൻ ശ്രമിച്ചതായും താരം വെളിപ്പെടുത്തി.

ഒരു ജനപ്രതിനിധി ഉൾപ്പെടെയുള്ള പലരും ഈ ക്രൂരതകൾക്ക് ഒത്താശ ചെയ്തതായും അൻസിബ കുറ്റപ്പെടുത്തി. തന്നെ ക്രൂശിക്കാൻ കൂട്ടുനിന്ന ആ ജനപ്രതിനിധിയുടെ മകൻ പിന്നീട് ‘തളരരുത്’ എന്ന് പറഞ്ഞ് തനിക്ക് മെസ്സേജ് അയച്ചതായും നടി കൂട്ടിച്ചേർത്തു. വേട്ടയാടലുകൾ ഇനിയും തുടരുമെന്ന് തനിക്കറിയാമെന്നും എന്നാൽ പിന്മാറാതെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. ഈ സംഭവത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അൻസിബ, ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്.

‘എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതല്‍ പലരും ഇതിന്‍ കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകന്‍ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’. ചാരുകസേരയില്‍ ഇരുന്ന് അവര്‍ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകള്‍ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസ്സമായില്ല.

ലക്ഷങ്ങള്‍ ഒഴുക്കി പിആര്‍ ഏജന്‍സികളെക്കൊണ്ട് അവര്‍ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവര്‍ ആക്രമിക്കും, ഇനിയും അവര്‍ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയില്‍ ഞാന്‍ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങള്‍ വായുവില്‍ അലയുന്നുണ്ട്… അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല. ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പൊരുതാന്‍ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകള്‍ക്കെതിരെ ഞാന്‍ ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്.’ -അന്‍സിബ കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *