നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു നെല്ലിമരം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്നായ മലാക്ക സന്ധിക്ക് പേര് നൽകിയ കഥ കൗതുകകരമാണ്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് ഈ പ്രദേശം. ഇന്ത്യൻ മഹാസമുദ്രത്തെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന മലാക്ക സന്ധി വെറുമൊരു ജലപാത മാത്രമല്ല, ആഗോള വ്യാപാരത്തിന്റെ നട്ടെല്ല് കൂടിയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതൽ എണ്ണയും കൽക്കരിയും വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് ഇതിലൂടെയാണ്. വർഷത്തിൽ എൺപതിനായിരത്തിലധികം കപ്പലുകൾ കടന്നുപോകുന്ന ഈ പാതയ്ക്ക് ഇന്ത്യയെ സംബന്ധിച്ചും വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്.
ഈ പ്രദേശത്തിന് ‘മലാക്ക’ എന്ന പേര് വന്നതിന് പിന്നിൽ മനോഹരമായ ഒരു ചരിത്രകഥയുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ സുമാത്രയിലെ രാജകുമാരനായിരുന്ന പരമേശ്വരൻ തന്റെ രാജ്യം നഷ്ടപ്പെട്ട് പുതിയൊരു ഇടം തേടിയുള്ള യാത്രയിലായിരുന്നു. മലായ് ഉപദ്വീപിലെ ഒരു നദീതീരത്ത് വേട്ടയാടിക്കൊണ്ടിരിക്കെ അദ്ദേഹം ഒരു മരത്തിന്റെ ചുവട്ടിൽ വിശ്രമിച്ചു. അപ്പോൾ വിചിത്രമായ ഒരു കാഴ്ച അദ്ദേഹം കണ്ടു; തന്റെ വേട്ടനായ്ക്കൾ വളഞ്ഞ ഒരു ചെറിയ മൗസ് ഡീർ ധൈര്യപൂർവ്വം തിരിച്ചടിച്ച് പട്ടികളിലൊന്നിനെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആ ചെറിയ ജീവിയുടെ ധൈര്യം കണ്ട പരമേശ്വരൻ അത് ഒരു ശുഭലക്ഷണമായി കരുതി അവിടെ തന്റെ പുതിയ രാജ്യം സ്ഥാപിക്കാൻ തീരുമാനിച്ചു.
താൻ വിശ്രമിച്ചിരുന്ന മരത്തിന്റെ പേര് ചോദിച്ചപ്പോൾ അത് ‘മെലാക്ക’ (നെല്ലിമരം) ആണെന്ന് അനുയായികൾ മറുപടി നൽകി. അങ്ങനെ ആ മരത്തിന്റെ പേരിൽ അദ്ദേഹം തന്റെ നഗരത്തിന് ‘മെലാക്ക’ എന്ന് പേരിട്ടു. സംസ്കൃതത്തിൽ ‘ആമലക’ എന്ന് വിളിക്കുന്ന നെല്ലിക്ക ഇന്ത്യയിൽ പണ്ടുമുതൽക്കേ പ്രശസ്തമായിരുന്നു. പുരാതന കാലം മുതൽക്കേ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള വ്യാപാര-സാംസ്കാരിക ബന്ധത്തിന്റെ തെളിവ് കൂടിയാണ് ഈ പേര്.
പിന്നീട് ഈ ചെറിയ പ്രദേശം ലോകപ്രശസ്തമായ ഒരു വ്യാപാര കേന്ദ്രമായി വളർന്നു. പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരുമെല്ലാം ഈ പാതയുടെ പ്രാധാന്യം മനസ്സിലാക്കി അവിടെ അധികാരം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്നും ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതകളിൽ ഒന്നായി മലാക്ക സന്ധി തുടരുന്നു. ചൈനയും അമേരിക്കയും ഇന്ത്യയും ഉൾപ്പെടെയുള്ള വൻശക്തികൾ തങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കായി ഈ പാതയെ അതീവ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. ഒരു ചെറിയ നെല്ലിമരത്തിന്റെ പേരിൽ തുടങ്ങിയ ഈ പ്രദേശം ഇന്ന് ലോക രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇടമായി മാറിയിരിക്കുന്നു.




