വിദ്യാഭ്യാസം എന്നത് ഒരു നിശ്ചിത കാലയളവിൽ പൂർത്തിയാക്കേണ്ട ഒന്നല്ല, മറിച്ച് ജീവിതകാലം മുഴുവൻ തുടരേണ്ട ഒന്നാണെന്ന് തെളിയിക്കുകയാണ് രാജസ്ഥാനിൽ നിന്നുള്ള മുൻ സൈനികൻ ദശരഥ് സിങ്. ജുൻജുനു ജില്ലയിലെ ഖിരോദ് ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹം, വിരമിക്കലിന് ശേഷമുള്ള തന്റെ ജീവിതം അറിവ് നേടുന്നതിനായി പൂർണ്ണമായും സമർപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക വിദ്യാഭ്യാസം അന്യമായിരുന്ന ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച്, പരിമിതമായ സൗകര്യങ്ങളുള്ള ഗ്രാമീണ സ്കൂളിൽ പഠിച്ചു വളർന്ന ദശരഥ് സിങ്ങിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉപരിപഠനം എന്നത് അക്കാലത്ത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു.
തുടർന്ന് 1988-ൽ സൈന്യത്തിൽ ചേർന്ന അദ്ദേഹം പഞ്ചാബിലും ജമ്മു കശ്മീരിലുമായി 16 വർഷത്തോളം രാജ്യത്തെ സേവിച്ചു. ജോലിത്തിരക്കിനിടയിലും പഠനത്തോടുള്ള താൽപ്പര്യം കൈവിടാതെ സൂക്ഷിച്ച അദ്ദേഹം, ലഭിക്കുന്ന ചെറിയ ഒഴിവുസമയങ്ങൾ പോലും പുസ്തകങ്ങൾക്കായി മാറ്റിവെച്ചു. 2004-ൽ സൈന്യത്തിൽ നിന്ന് വിരമിച്ചതോടെയാണ് വിദ്യാഭ്യാസരംഗത്ത് അദ്ദേഹം തന്റെ അവിശ്വസനീയമായ യാത്ര ആരംഭിച്ചത്. റെഗുലർ പഠനത്തിലൂടെയും വിദൂര വിദ്യാഭ്യാസത്തിലൂടെയും ഒന്നിനുപുറകെ ഒന്നായി ബിരുദങ്ങൾ അദ്ദേഹം സ്വന്തമാക്കിത്തുടങ്ങി. കൊമേഴ്‌സ് ബിരുദത്തിന് ശേഷം എൽ.എൽ.ബി, എൽ.എൽ.എം, ബി.എഡ് തുടങ്ങി നിരവധി കോഴ്സുകൾ അദ്ദേഹം പൂർത്തിയാക്കി.
ഇന്ന് ദശരഥ് സിങ്ങിന്റെ അക്കാദമിക് നേട്ടങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മൂന്ന് പി.എച്ച്.ഡികൾ, 7 ബിരുദങ്ങൾ, 46 ബിരുദാനന്തര ബിരുദങ്ങൾ, 23 ഡിപ്ലോമകൾ, സൈനിക പഠനവുമായി ബന്ധപ്പെട്ട 7 ബിരുദങ്ങൾ, വിവിധ മേഖലകളിലായി 52 സർട്ടിഫിക്കറ്റുകൾ എന്നിവ അദ്ദേഹം ഇതിനോടകം കരസ്ഥമാക്കി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവ്വകലാശാലയിൽ നിന്ന് വേദപഠനത്തിൽ നേടിയ ബിരുദാനന്തര ബിരുദമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നേട്ടം. ഈ അപൂർവ്വ നേട്ടങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയുൾപ്പെടെ 11 ലോക റെക്കോർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പഠനം കേവലം റെക്കോർഡുകൾക്ക് വേണ്ടി മാത്രമല്ല, മറിച്ച് സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു. സൈനിക സേവനത്തിന് ശേഷം നിയമ ബിരുദം നേടിയ അദ്ദേഹം ഇപ്പോൾ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. വിരമിച്ച സൈനികരുടെയും നിലവിൽ സേവനമനുഷ്ഠിക്കുന്നവരുടെയും ക്ഷേമത്തിനും അവരുടെ നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം തന്റെ അറിവ് പ്രധാനമായും ഉപയോഗിക്കുന്നത്. പ്രായം പഠനത്തിന് ഒരു തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്ന ദശരഥ് സിങ് വരുംതലമുറയ്ക്ക് വലിയൊരു മാതൃകയാണ്.




