Crime

ഭർത്താവിനെ കൊന്ന് മൃതദേഹത്തിനടുത്തിരുന്ന് പോൺവീഡിയോ കണ്ടു; കാമുകന്‍ നെഞ്ചില്‍ കയറിയിരുന്നു, ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ഗുണ്ടൂർ: ആന്ധ്രാപ്രദേശിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ഗുണ്ടൂർ ജില്ലയിലായിരുന്നു സംഭവം. ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിന്റെ കൊലപാതകത്തിൽ ഭാര്യ ലക്ഷ്മി മാധുരിയാണ് അറസ്റ്റിലായത്. ഇവർക്ക് ഗോപി എന്നയാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സംഭവദിവസം രാത്രിയിൽ, നാഗരാജുവിനായി മാധുരി ബിരിയാണി തയ്യാറാക്കി. ഭർത്താവിന് നൽകിയ ഭക്ഷണത്തിൽ മാധുരി ഉറക്കഗുളിക കലർത്തിയിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ നാഗരാജു ഗാഢനിദ്രയിലായി. രാത്രി രാത്രി 11.30-ഓടെ, മാധുരിയുടെ കാമുകൻ ഗോപി ഇവരുടെ വീട്ടിലെത്തി. ഇയാൾ നാഗരാജുവിന്റെ നെഞ്ചിലിരുന്ന് അയാളെ അനങ്ങാൻ സാധിക്കാത്തവിധത്തിലാക്കി. ഈസമയം മാധുരി തലയിണ ഉപയോഗിച്ച് ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നാഗരാജുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ഗോപി വീട്ടിൽ നിന്ന് പോയി. ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം രാത്രി മുഴുവൻ മാധുരി ആ വീട്ടിൽ തനിച്ച് കഴിഞ്ഞു.

തുടർന്നുണ്ടായ കാര്യങ്ങളെക്കുറിച്ച് മാധുരി പറഞ്ഞത് പോലീസ് വിവരിച്ചു. ഭർത്താവ് മരിച്ച വിവരം ആരെയും അറിയിക്കാതെ മാധുരി ആ രാത്രി മുഴുവൻ വീട്ടിൽ കഴിഞ്ഞു. ഈ സമയം ഭർത്താവിന്റെ മൃതദേഹത്തിന് സമീപം ഇരുന്നുകൊണ്ട് അവർ പോൺ വീഡിയോകൾ കണ്ടതായും പോലീസ് പറഞ്ഞു. ഒടുവിൽ പുലർച്ചെ നാലുമണിയോടെയാണ് നാഗരാജു ഹൃദയാഘാതം മൂലം മരിച്ചെന്ന് മാധുരി അയൽക്കാരെ അറിയിക്കുന്നത്. എന്നാൽ, അയർക്കാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങൾക്ക് മാധുരി പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ ഇവർക്ക് സംശയമായി.

മാധുരിയുടെ വിവാഹേതര ബന്ധവും ഇതേച്ചൊല്ലി ഭർത്താവുമായുള്ള വഴക്കുകളും അറിയാമായിരുന്ന അയൽക്കാർക്കും പരിചയക്കാർക്കും മരണത്തിൽ സംശയം തോന്നി. മാത്രമല്ല നാഗരാജുവിന്റെ ചെവിക്ക് സമീപം രക്തക്കറകളും ശരീരത്തിൽ മുറിവുകളും കണ്ട സുഹൃത്തുക്കൾ ഉടൻ തന്നെ ഇക്കാര്യം കുടുംബാംഗങ്ങളെയും പോലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ നാഗരാജുവിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് സ്ഥിരീകരിച്ചു. നെഞ്ചിലെ എല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തി. ഇതോടെ സംശയം ബലപ്പെട്ടു. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ, മാധുരി കുറ്റം സമ്മതിക്കുകയായിരുന്നു.