ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കടുത്ത പാർട്ടി നടപടി ഉണ്ടായാൽ ചില നിർണായക വിവരങ്ങൾ പുറത്തുവിടുമെന്ന് സി.പി.എമ്മിന് മുന്നറിയിപ്പ് നൽകി എ. പത്മകുമാർ . ഔദ്യോഗിക രജിസ്റ്ററിൽ ‘ചെമ്പുപാളി’ എന്ന് രേഖപ്പെടുത്തിയത് തന്റെ കൈപ്പടയല്ലെന്നും, കൂടുതൽ കാര്യങ്ങൾ തുറന്നുപറയുമെന്നുമാണ് മുന്നറിയിപ്പ്. പത്മകുമാറിനെതിരെയുള്ള അച്ചടക്കനടപടി ചർച്ച ചെയ്യാനായി പാർട്ടി ജില്ലാ കമ്മിറ്റി നാളെ യോഗം ചേരാനിരിക്കെയാണ് ഈ പുതിയ നീക്കം.
തന്റെ അടുത്ത സുഹൃത്തുക്കളോടായിരുന്നു പത്മകുമാർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പലതും വെളിപ്പെടുത്താനുണ്ടെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന തന്നെയും എ.ഡി.ജി.പി എസ്. ശ്രീജിത്തിനെയും ആസൂത്രിതമായി മാറ്റിയ ശേഷമാണ് ശബരിമലയിൽ യുവതീപ്രവേശം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞതായാണ് സൂചന. ഈ സംഭവങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകത്തിന്റെ രചനയിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കോന്നിയിലെ മുൻ എം.എൽ.എയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പത്മകുമാർ കഴിഞ്ഞ നവംബർ 20-നാണ് ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. തുടർന്ന് ഡിസംബർ രണ്ടിന് ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിലും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സ്വർണം കവർന്ന കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പത്മകുമാർ ഒത്താശ ചെയ്തെന്നും, ഔദ്യോഗിക കൃത്യവിലോപത്തിലൂടെയും കൂട്ടായ്മയിലൂടെയും ഈ കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയത്.
നിലവിൽ മൂന്നര മാസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിൽ കഴിയുകയാണ് പത്മകുമാർ. പാർട്ടിയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിട്ടും പത്മകുമാറിനെതിരെ ഇതുവരെ നടപടിയെടുക്കാത്തതിൽ സാധാരണ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ നടപടിയെടുക്കാൻ പാർട്ടി നിർബന്ധിതരായത്. ഇക്കാര്യം ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്തുക മാത്രമാണ് ചെയ്തിരുന്നത് കൂടാതെ അദ്ദേഹം അടുത്തിടെ പാർട്ടി അംഗത്വം പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇനി നടപടിയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന കമ്മിറ്റി.




