Spotlight

പി.എം.ആര്‍ഷോയും കെ.വിദ്യയും വിവാഹിതരായി

കാസർകോട് ∙ മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിദ്യ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ഒരു ചടങ്ങായിരുന്നു ഇത്. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, മുൻ സംസ്ഥാന പ്രസിഡന്റും കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവുമായ കെ. അനുശ്രീ തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. പയ്യന്നൂരിലെ ഒരു ഹോട്ടലിലാണ് ചടങ്ങിനോടനുബന്ധിച്ചുള്ള ഭക്ഷണം ഒരുക്കിയിരുന്നത്. ഇതിന് ശേഷം ആർഷോയും വിദ്യയും പാലക്കാട്ടേക്ക് തിരിക്കും.

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് മുൻ വിദ്യാർത്ഥിനിയായ കെ. വിദ്യക്കെതിരെ 2023-ൽ പോലീസ് കേസെടുത്തിരുന്നു. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളേജിൽ മലയാളം ഗെസ്റ്റ് ലക്ചറർ ജോലി നേടാനായി മഹാരാജാസ് കോളേജിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്നതാണ് കേസ്. ഇതിന് പുറമെ കരിന്തളം ഗവ. കോളേജ് അധികൃതർ നൽകിയ പരാതിയിലും വിദ്യക്കെതിരെ കേസ ഉണ്ടായിരുന്നു. വിദ്യയെ സിപിഎം സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചതോടെ ഈ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *