Spotlight

’22 നേക്കാളും താഴെയാണ് ഭായീ 63′; വിഡി സതീശനെയും ലീഗിനെയും കടന്നാക്രമിച്ച് കെ സുരേന്ദ്രന്‍

വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ 63 സീറ്റ് നേടിയ കോൺഗ്രസിനേക്കാൾ സ്വാധീനം 22 സീറ്റുള്ള ലീഗിനാണെന്നും, കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷാഭിപ്രായം മറികടന്നാണ് ലീഗിന് താൽപ്പര്യമുള്ള സതീശനെ അവരോധിച്ചതെന്നും ’22 നേക്കാളും താഴെയാണ് ഭായീ 63′ എന്ന പരിഹാസത്തിലൂടെ സുരേന്ദ്രൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിനെയും ബിജെപി കടുത്ത ഭാഷയിൽ അധിക്ഷേപിച്ചു. കോൺഗ്രസിന്റെ നിയന്ത്രണം ഡൽഹിയിലല്ല, മറിച്ച് പാണക്കാടാണെന്നാണ് ബിജെപിയുടെ ആക്ഷേപം. അടുത്ത അഞ്ച് വർഷം കേരളം ലീഗിന്റെ ഭരണത്തിലായിരിക്കുമെന്നും പുതിയ മതജില്ലയടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരാളെയാണ് ലീഗ് മുഖ്യമന്ത്രിയാക്കിയതെന്നും ബിജെപി കുറ്റപ്പെടുത്തി. പാണക്കാട് സാദിഖലി തങ്ങളുടെ കാൽക്കൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇരിക്കുന്ന തരത്തിലുള്ള കാർട്ടൂൺ ചിത്രങ്ങളും ഇതിനോടൊപ്പം ബിജെപി പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ബിജെപിയുടെ ഈ നിലപാടുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരിയെ വർഗീയമായി അധിക്ഷേപിക്കുന്നത് ബിജെപിയുടെ അസ്വസ്ഥതയാണ് കാണിക്കുന്നതെന്ന് കമന്റുകൾ പറയുന്നു. വർഗീയതയ്ക്കെതിരെ പോരാടുന്ന വി.ഡി. സതീശനെ ബിജെപി ഭയപ്പെടുന്നുണ്ടെന്നും ഇത്തരം തരംതാണ നീക്കങ്ങൾ കാരണമാണ് ബിജെപിയെ കേരളം തള്ളിക്കളയുന്നതെന്നും പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. പ്രബുദ്ധരായ മലയാളി വോട്ടർമാരെ അപമാനിക്കരുതെന്നും നിരവധി പേർ ബിജെപി പോസ്റ്റുകൾക്ക് താഴെ കുറിച്ചു.