ഹൈദരാബാദ്∙ അഭിഷേക് ശർമയുടെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തോൽപ്പിച്ചു. ഹൈദരാബാദ് ഉയർത്തിയ 243 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനേ സാധിച്ചുള്ളൂ. കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ള വൻനിര ഉണ്ടായിരുന്നിട്ടും ഹൈദരാബാദിന്റെ റൺമല മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല.
ഡൽഹിക്കായി നിതീഷ് റാണ (57), സമീർ റിസ്‍വി (41), കെ.എൽ. രാഹുൽ (37) എന്നിവർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. സൺറൈസേഴ്സിനായി ഈഷൻ മല്ലിംഗ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ ഹർഷ് ദുബെ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഈ വിജയത്തോടെ എട്ടു പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ആറു പോയിന്റുള്ള ഡൽഹി നിലവിൽ അഞ്ചാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് തുടക്കത്തിൽ തന്നെ പാത്തും നിസ്സങ്കയെ നഷ്ടമായി. പിന്നീട് ഒത്തുചേർന്ന രാഹുൽ–നിതീഷ് റാണ സഖ്യം 86 റൺസ് കൂട്ടിച്ചേർത്തുവെങ്കിലും സ്കോറിംഗിന് വേഗത പോരായിരുന്നു. പത്താം ഓവറിൽ രാഹുൽ പുറത്തായതോടെ ഡൽഹിയുടെ തകർച്ച തുടങ്ങി. തൊട്ടടുത്ത ഓവറിൽ നിതീഷ് റാണയെയും ഡേവിഡ് മില്ലറെയും മല്ലിംഗ മടക്കിയതോടെ ഡൽഹിയുടെ പോരാട്ടം അവസാന ഓവറുകളിൽ പിടിച്ചുനിൽക്കാൻ മാത്രമായി ചുരുങ്ങി. സമീർ റിസ്‍വിയുടെ ബാറ്റിംഗാണ് ഡൽഹിയെ 200ന് അടുത്തെത്തിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണ് അടിച്ചുകൂട്ടിയത്. ഓപ്പണറായി ഇറങ്ങി അവസാന പന്തുവരെ ക്രീസിൽ നിന്ന അഭിഷേക് ശർമ 68 പന്തിൽ 135 റൺസെടുത്തു. 10 സിക്സറുകളും 10 ഫോറുകളുമാണ് താരം പറത്തിയത്. സീസണിലെ അഭിഷേകിന്റെ ആദ്യ സെഞ്ചറിയാണിത്. അവസാന ഓവറുകളിൽ ഹെൻറിച് ക്ലാസനും (37) തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.
അഭിഷേകിനൊപ്പം ഓപ്പണിങ് സഖ്യത്തിൽ 97 റൺസാണ് ട്രാവിസ് ഹെഡ് കൂട്ടിച്ചേർത്തത്. ഹെഡ് 37 റൺസെടുത്ത് പുറത്തായപ്പോൾ പിന്നീട് വന്ന ക്യാപ്റ്റൻ ഇഷാൻ കിഷനും (25) വേഗത്തിൽ റൺസ് കണ്ടെത്തി. ഇതോടെ 13 ഓവറിൽ തന്നെ ഹൈദരാബാദ് 150 കടന്നിരുന്നു. വെറും 47 പന്തിലാണ് അഭിഷേക് തന്റെ സെഞ്ചറി തികച്ചത്. ക്ലാസൻ കൂടി തകർത്തടിച്ചതോടെ സ്കോർ 240 പിന്നിട്ടു.
ഡൽഹി ബൗളർമാരിൽ മുകേഷ് കുമാർ നാലോവറിൽ 53 റൺസും നിതീഷ് റാണ 55 റൺസും വഴങ്ങി. ഒൻപതാം ഓവറിൽ ഹെഡിനെ പുറത്താക്കി അക്ഷർ പട്ടേലാണ് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് ഇഷാൻ കിഷൻ റൺഔട്ടാവുകയും ചെയ്തു. എന്നാൽ അഭിഷേക് ശർമയെ പിടിച്ചുകെട്ടാൻ ഡൽഹി ബൗളർമാർക്ക് സാധിച്ചില്ല. ഇതോടെ ഹൈദരാബാദ് സ്വന്തം തട്ടകത്തിൽ ആധികാരിക വിജയം ഉറപ്പാക്കി.




