മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രചാരണ സന്ദേശങ്ങൾക്കായി ‘സ്പാർക്’ പോർട്ടലിൽ നിന്നുള്ള ഡേറ്റ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമർശനം.
ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഇത്തരം വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച കോടതി, പൗരന്മാരുടെ വിവരങ്ങൾക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് ആരാഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ജീവനക്കാർക്ക് അയച്ച സന്ദേശങ്ങളാണ് വിവാദത്തിന് ആധാരമായത്.
കേസിൽ വിശദീകരണം നൽകുന്ന വെള്ളിയാഴ്ച വരെ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉറപ്പുനൽകി. വാട്സാപ് ബിസിനസ് അക്കൗണ്ട് വഴി അയക്കുന്ന ഇത്തരം സന്ദേശങ്ങൾ സ്വീകരിക്കാൻ എല്ലാ പൗരന്മാർക്കും താല്പര്യമുണ്ടാകില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
ഹർജിയിൽ മുഖ്യമന്ത്രിയൊഴികെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. സ്പാർക് പോർട്ടലിൽ നിന്ന് അനുമതിയില്ലാതെ ഫോൺ നമ്പറുകൾ ശേഖരിച്ചത് സ്വകാര്യതാ ലംഘനമാണെന്നും ഒരു രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഈ വിവരങ്ങൾ ഉപയോഗിച്ചുവെന്നുമാണ് ഹർജിക്കാരായ പി. റഷീദ് അഹമ്മദ്, കെ. എം. അനിൽ കുമാർ എന്നിവരുടെ പ്രധാന വാദം.
ഈ നടപടി അടിയന്തരമായി തടയണമെന്നും വ്യക്തിഗത വിവരങ്ങൾ അനധികൃതമായി കൈകാര്യം ചെയ്തതിന് നഷ്ടപരിഹാരം നൽകണമെന്നും മുഖ്യമന്ത്രിയടക്കമുള്ളവരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കാൻ നിർദേശിച്ച കോടതി, ഡേറ്റാ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഓർമ്മിപ്പിച്ചു.




