എന്തോ ഒരു കാര്യംമാത്രം നോക്കാനായി ഫോണെടുത്തു, പക്ഷേ, ഒരു മണിക്കൂറിന് ശേഷവും നിങ്ങൾ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് എത്ര തവണ ഉണ്ടായിട്ടുണ്ട്? ഇന്ത്യന്‍ യുവത്വത്തിന് ഇത് ഒരു ദിനചര്യയായി മാറിക്കഴിഞ്ഞു. റീലുകൾ കാണുക, ഗെയിം കളിക്കുക, അല്ലെങ്കിൽ നോട്ടിഫിക്കേഷനുകൾ പരിശോധിക്കുക എന്നീ കാര്യങ്ങളിലൂടെ ഉറക്കം, ഏകാഗ്രത, ശ്രദ്ധ, മാനസികാരോഗ്യം എന്നിവയെല്ലാം സ്‌ക്രീനുകൾ കവർന്നെടുക്കുന്നു.
ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. ത്രിദീപ് ചൗധരി പറയുന്നതനുസരിച്ച്, ‘ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ്’ (DSM-5-TR) എന്ന മാനസിക രോഗങ്ങളുടെ ഔദ്യോഗിക പട്ടികയിൽ സ്‌ക്രീൻ അഡിക്ഷൻ എന്നൊരു രോഗം ഇതുവരെയില്ല. എങ്കിലും, ഇന്ന് നാം കാണുന്ന അവസ്ഥകൾ, പെരുമാറ്റ വൈകല്യങ്ങളുമായി (behavioural addictions) വളരെ സാമ്യമുള്ളതാണ്. നിയന്ത്രണമില്ലാത്ത ഉപയോഗം, നിർബന്ധിതമായ ഉപയോഗം, ഒപ്പം വിത്ഡ്രോവൽ ലക്ഷണങ്ങളും.
“വിവിധ രീതികളിലൂടെയുള്ള സ്‌ക്രീനിന്റെ അമിതമായ ഉപയോഗം വർധിച്ചുവരികയാണ്. ചെറുപ്പക്കാരെ ഗാഡ്ജറ്റുകളിൽ നിന്ന് അകറ്റിയാൽ അവർക്ക് ദേഷ്യം, വിഷാദം, അല്ലെങ്കിൽ ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.’’ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഡോ. ചൗധരി വിശദീകരിക്കുന്നു.
എന്താണ് സ്ക്രീൻ അഡിക്ഷൻ?
“നിലവിൽ സ്ക്രീൻ അഡിക്ഷൻ എന്ന പേരിൽ ഒരു രോഗമില്ല,” ഡോ. ചൗധരി വ്യക്തമാക്കുന്നു. “DSM-5 ചൂതാട്ട വൈകല്യത്തെക്കുറിച്ച് (gambling disorder) പറയുന്നുണ്ട്, അത് പ്രശ്നകരമായ സ്ക്രീൻ ഉപയോഗത്തിലേക്ക് നയിച്ചേക്കാം. എങ്കിലും സ്ക്രീൻ അഡിക്ഷനെക്കുറിച്ച് അതിൽ പറയുന്നില്ല. എന്നിരുന്നാലും, അമിത ഉപയോഗം ചില പാറ്റേണുകൾ കാണിക്കുന്നുണ്ട്. ഉപയോഗം പരിമിതപ്പെടുത്താനുള്ള ബുദ്ധിമുട്ട്, സ്ക്രീനിൽ നിന്ന് അകറ്റുമ്പോൾ ദേഷ്യം, ഒപ്പം അതേ സംതൃപ്തിക്ക് കൂടുതൽ സമയം സ്ക്രീൻ ഉപയോഗിക്കേണ്ടിവരിക എന്നിവയെല്ലാം ഇതിൽപ്പെടും.
“ഇതിന്റെ അർത്ഥം, സ്ക്രീൻ അഡിക്ഷൻ ഒരു മെഡിക്കൽ ടേമായി നിലവിലില്ലെങ്കിലും, നാം കാണുന്ന സ്വഭാവങ്ങൾ (നിർബന്ധിതമായ ഉപയോഗം, ഉത്തരവാദിത്തങ്ങൾ അവഗണിക്കുക, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ) എല്ലാം അപകട സൂചനകളാണ്.
ഉറക്കത്തെ എങ്ങനെ ബാധിക്കുന്നു?
“ഉറക്കപ്രശ്നങ്ങളാണ് പലപ്പോഴും ആദ്യം കാണുന്ന ലക്ഷണം. ചെറുപ്പക്കാർ സ്‌ക്രീൻ അമിത ഉപയോഗത്തെക്കാൾ കൂടുതൽ ഉറക്കപ്രശ്നങ്ങളെക്കുറിച്ചാണ് പറയുന്നത്. എന്നാൽ മോശം ഉറക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് രാത്രിയിലുള്ള അമിത സ്‌ക്രീൻ ഉപയോഗമാണ്. ഇത് ശാരീരിക പ്രവർത്തനങ്ങളും കുറയ്ക്കുന്നു, ഉറക്കത്തിന്റെ ഗുണനിലവാരത്തെ കൂടുതൽ നശിപ്പിക്കുന്നു. ബ്ലൂ ലൈറ്റിന്റെ (Blue light) സാന്നിധ്യം ഉറക്ക-ഉണർവ് ചക്രങ്ങളെ നിയന്ത്രിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു, ഇത് ഉറക്കമില്ലായ്മ വർദ്ധിപ്പിക്കുന്നു.”, ഡോ. ചൗധരി വിശദീകരിക്കുന്നു.
കുട്ടികളുടെ മസ്തിഷ്ക വികാസത്തിലുള്ള ആഘാതം
കുട്ടികൾക്ക് സ്ക്രീനിനോട് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്. “കുട്ടികളിലെ അമിത സ്ക്രീൻ ഉപയോഗം ശ്രദ്ധ, സ്വയം നിയന്ത്രണം, ഓർമ്മശക്തി എന്നിവയെ ബാധിച്ചേക്കാം. ഇത് മസ്തിഷ്കത്തിന്റെ ന്യൂറോപ്ലാസ്റ്റിസിറ്റിയെ (neuroplasticity) ദുർബലപ്പെടുത്തുകയും ചെയ്യും. 2020-ൽ Royal Society Open Science-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഇത് സ്ഥിരീകരിക്കുന്നുണ്ട്. ദിവസേനയുള്ള സ്ക്രീൻ ഉപയോഗം കൂടുതലായുള്ള കുട്ടികളിൽ മോശം വൈജ്ഞാനിക വികാസം (cognitive development) കാണാം.
ശ്രദ്ധക്കുറവും പഠന നിലവാരത്തിലെ കുറവും
ഏത് പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കും ഇതിന്റെ ആഘാതം വെറും രാത്രി സ്ക്രോളിംഗിൽ ഒതുങ്ങുന്നില്ല. തുടർച്ചയായ ശ്രദ്ധ, പ്രശ്നപരിഹാരം, മൾട്ടിടാസ്കിംഗ്, ടാസ്ക്-സ്വിച്ചിംഗ് എന്നിവയെല്ലാം ബാധിക്കപ്പെടും. പഠന-ജോലി കാര്യക്ഷമത കുറയുന്നു, സ്ക്രീനില്ലാതെയിരിക്കുമ്പോൾ ഉത്കണ്ഠയും ദേഷ്യവും ഉണ്ടാകുന്നു.
സോഷ്യൽ മീഡിയയും ഗെയിമിംഗും: വ്യത്യസ്ത കാരണങ്ങൾ, ഒരേ കെണി
DSM-5 അംഗീകരിക്കാത്ത മറ്റൊരു അവസ്ഥയാണ് ഫോമോ (FOMO), അതായത് എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭയം. സ്ക്രീൻ ഉപയോഗത്തിനും അഡിക്ഷനും ഫോമോ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. ചൗധരി പറയുന്നു. അതേസമയം, ഗെയിമിംഗിനോട് ആസക്തിയുള്ളവർക്ക് മറ്റ് ചില പ്രചോദനങ്ങളുണ്ട്. സോഷ്യൽ മീഡിയയിലേക്ക് ആകർഷിക്കപ്പെടുന്നവർക്ക് പലപ്പോഴും ഫോമോ ഉണ്ടാകുന്നു, ഇത് നിർബന്ധിത ഉപയോഗത്തിലേക്ക് നയിക്കുന്നു. എന്നാൽ ഗെയിം കളിക്കുന്നവർക്ക് ചൂതാട്ടത്തിന് സമാനമായ സ്വഭാവങ്ങൾ ഉണ്ടാകാം.
നഷ്ടങ്ങൾ സംഭവിച്ചിട്ടും കളിക്കുന്നത് തുടരുക, അല്ലെങ്കിൽ സാമൂഹിക അംഗീകാരത്തിനായി അമിതമായി ഗെയിം കളിക്കുക. സ്ക്രീൻ അഡിക്ഷൻ പാറ്റേണുകളിൽ ലിംഗപരമായ വ്യത്യാസങ്ങളുമുണ്ടെന്ന് ഡോ. ചൗധരി പറയുന്നു: “സ്ത്രീകൾ സാമൂഹിക ഇടപെടലുകൾക്ക് സ്ക്രീൻ കൂടുതൽ ഉപയോഗിക്കുമ്പോൾ, പുരുഷന്മാർ ഗെയിമിംഗിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. എന്നാൽ പുതിയ അനുഭവങ്ങൾ തേടുന്നതും എടുത്തുചാട്ടവും (impulsivity) ഇരുവർക്കും സാധാരണമാണ്.” എന്നാൽ ഇത് ഒരു വിദഗ്ദ്ധന്റെ അഭിപ്രായം മാത്രമാണെന്നും, ഈ പാറ്റേണുകളെക്കുറിച്ചുള്ള വിവരങ്ങളോ പഠനങ്ങളോ ഇതുവരെ വ്യാപകമായി പ്രസിദ്ധീകരിക്കുകയോ പ്രചരിക്കുകയോ ചെയ്തിട്ടില്ല എന്നും ശ്രദ്ധിക്കേണ്ടതാണ്.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ആദ്യസൂചനകൾ
സ്ക്രീൻ അഡിക്ഷന്റെ ചില ആദ്യലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോ. ചൗധരി മാതാപിതാക്കളോടും രക്ഷിതാക്കളോടും പറയുന്നു. മുതിർന്ന കുട്ടികൾ/കൗമാരക്കാർക്കും മുതിർന്നവർക്കും സ്വയം ബോധവാന്മാരായിരിക്കുന്നത് വളരെ പ്രധാനമാണ്, കാരണം അത് വിവേകപൂർവമായ നിയന്ത്രണത്തിന് സഹായിക്കും. കുട്ടികളിലും ചെറുപ്പക്കാരിലും ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ താഴെക്കൊടുക്കുന്നു:
- ഗാഡ്ജറ്റുകളിൽ നിന്ന് അകറ്റിനിർത്തുമ്പോൾ ദേഷ്യം വരിക.
- സ്ക്രീൻ ഉപയോഗമില്ലാതെ വിഷാദമോ ഉത്കണ്ഠയോ അനുഭവപ്പെടുക.
- ഉറക്കക്കുറവ്, തലവേദന, കഴുത്തുവേദന, കണ്ണുകൾക്ക് ക്ഷീണം.
- ഹോബികളും പഠനകാര്യങ്ങളും അവഗണിക്കുക.
- കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നുനിൽക്കുക.
- സ്ക്രീൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് മറച്ചുവെക്കുകയോ കള്ളം പറയുകയോ ചെയ്യുക.
കുടുംബങ്ങൾ, സ്കൂളുകൾ, ഡോക്ടർമാർ എന്നിവർക്ക് എന്ത് ചെയ്യാൻ കഴിയും?
“ആരോഗ്യവിദഗ്ദ്ധർ, സ്കൂളുകൾ, കുടുംബങ്ങൾ എന്നിവർ ഒരു തുടർച്ചയായ പിന്തുണ ശൃംഖലയായി പ്രവർത്തിക്കണം. സ്കൂളുകൾക്ക് ആദ്യ ലക്ഷണങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ നടത്താം, അതേസമയം കുടുംബങ്ങൾ വ്യക്തമായ ഫോൺ ഉപയോഗ അതിരുകൾ നിശ്ചയിക്കണം. ഗുരുതരമായ കേസുകൾക്ക് പ്രൊഫഷണൽ സഹായം ആവശ്യമായി വന്നേക്കാം, മാതാപിതാക്കൾ സ്വന്തം ഫോൺ ഉപയോഗം നിയന്ത്രിച്ച് മാതൃക കാണിക്കണം” ” ഡോ. ചൗധരി നിർദ്ദേശിക്കുന്നു.
എന്തെങ്കിലും തന്ത്രങ്ങൾ ഫലപ്രദമാകുമോ?
“എനിക്ക് എല്ലാ സമയവും കണക്റ്റഡ് ആയിരിക്കണം എന്നപോലെയുള്ള ചിന്താരീതികളെ നേരിടാൻ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിക്ക് (CBT) കഴിയും,” മൈൻഡ്ഫുൾനെസ്, പുറത്തുള്ള പ്രവർത്തനങ്ങൾ, പതിവായുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണ-ഉറക്ക ശീലങ്ങൾ, മികച്ച സമയനിർവഹണം എന്നിവയെല്ലാം അമിത ഉപയോഗം കുറയ്ക്കാൻ സഹായിക്കും. ജോലിസമയത്തെ ചെറിയ ഇടവേളകൾ പോലും മാറ്റങ്ങളുണ്ടാക്കും.”
“സ്ക്രീൻ അഡിക്ഷന് ഔദ്യോഗികമായ രോഗനിർണയമില്ലെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ യഥാർത്ഥവും വിനാശകരവുമാണ്. ഡോ. ചൗധരി പറയുന്നതുപോലെ, ഇത് യുവതലമുറയിലെ ഒരു നിശ്ശബ്ദ പ്രതിസന്ധിയാണ്. ഉറക്കം മുതൽ ഓർമ്മശക്തി വരെയും വൈകാരിക ആരോഗ്യം വരെയുള്ള കാര്യങ്ങളെ ഇത് ബാധിക്കുന്നു. ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുന്നതും വീട്ടിലും സ്കൂളുകളിലും ജോലിസ്ഥലത്തും ആരോഗ്യകരമായ ശീലങ്ങൾ വളർത്തുന്നതും ഈ അദൃശ്യ കെണിയിൽ നിന്ന് രക്ഷനേടാനുള്ള ആദ്യപടിയാണ്.




