ബെംഗളൂരു അഞ്ജനാപുരയിൽ തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് കാമുകനെ യുവതി ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിലെ ജീവനക്കാരിയായ പ്രേരണ (27) ആണ് തന്റെ സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27) തീകൊളുത്തി കൊന്നത്. കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുനാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നു.
കിരൺ തന്നോട് സംസാരിക്കുന്നില്ലെന്നും വിവാഹത്തിന് തയാറാകുന്നില്ലെന്നുമുള്ള ദേഷ്യത്തിലായിരുന്നു പ്രേരണ. ഇതിനെത്തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി യുവതി കിരണിനെ അങ്ങോട്ട് ക്ഷണിച്ചു. വിദേശങ്ങളിൽ ചെയ്യുന്നതുപോലെ വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് കിരണിന്റെ കണ്ണുകൾ മൂടിക്കെട്ടി. തുടർന്ന് ഇയാളെ കസേരയിൽ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ട ശേഷം കരുതിവച്ചിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീപ്പൊള്ളലേറ്റ് കിരൺ മരിക്കുന്നത് പ്രേരണ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും മരണം ഉറപ്പാക്കുന്നതുവരെ അവിടെത്തന്നെ നിൽക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഡിസിപി ഡി.എൽ. നഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രേരണയെ കസ്റ്റഡിയിലെടുത്തു. തന്നെ അവഗണിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ യുവതി സമ്മതിച്ചിട്ടുണ്ട്.




