Sports

ലോകകപ്പിൽ ഒത്തുകളി വിവാദം: ‘ക്യാപ്റ്റനെ’ തീരുമാനിച്ചത് ലോറൻസ് ബിഷ്ണോയി സംഘം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ കാനഡ ടീമിനെ ചുറ്റിപ്പറ്റിയുള്ള ഒത്തുകളി വിവാദം വലിയ ചർച്ചയാകുന്നു. കാനഡയും ന്യൂസിലൻഡും തമ്മിൽ നടന്ന ഗ്രൂപ്പ് മത്സരത്തിലെ ക്രമക്കേടുകളിൽ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന് നേരിട്ട് പങ്കുണ്ടെന്ന് കനേഡിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ (സി.ബി.സി.) റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) അന്വേഷണം തുടങ്ങിയിട്ടുണ്ട്. കനേഡിയൻ ക്യാപ്റ്റൻ ദിൽപ്രീത് ബാജ്‌വയുടെ ഇടപാടുകളെക്കുറിച്ച് അഴിമതി വിരുദ്ധ വിഭാഗം പരിശോധിച്ചുവരികയാണ്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ബാജ്‌വ എറിഞ്ഞ ഓവറിൽ അനാവശ്യമായി റണ്ണുകൾ വഴങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഉദ്യോഗസ്ഥർ പരിശോധിച്ചു.

ചെന്നൈയിൽ നടന്ന മത്സരത്തിലെ അഞ്ചാം ഓവറിൽ ബാജ്‌വ നോബോളും വൈഡും അടക്കം 15 റണ്ണുകളാണ് വിട്ടുനൽകിയത്. കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ച ബിഷ്ണോയി സംഘത്തിന്റെ സമ്മർദ്ദത്താലാണ് ബാജ്‌വയെ നായകനാക്കിയതെന്നാണ് സി.ബി.സി. വെളിപ്പെടുത്തുന്നത്. 2025 ജൂലൈയിൽ സറേയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് നടന്ന സംഭവത്തെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ദേശീയ ടീമിലെ ഒരു താരത്തെ സമീപിച്ച ബിഷ്ണോയി സംഘാംഗങ്ങൾ എന്ന് അവകാശപ്പെട്ടവർ, ബാജ്‌വയെയും മറ്റൊരു താരത്തെയും പിന്തുണയ്ക്കണമെന്ന് ഭീഷണിപ്പെടുത്തി. അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. സിദ്ധു മൂസെ വാല വധം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിസ്ഥാനത്തുള്ള സംഘമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെയും വിവാദത്തിലാക്കിയിരിക്കുന്നത്.