ജിമ്മിൽ പോയാൽ മാത്രം കരുത്തുറ്റ ശരീരം ലഭിക്കുമെന്ന പൊതുധാരണ തിരുത്തുകയാണ് ചെന്നൈയിലെ ഒരു നിർമ്മാണ തൊഴിലാളി. ആരെയും അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഇദ്ദേഹത്തിൻ്റെ മസിലുകളെക്കുറിച്ചും വ്യായാമമുറകളെക്കുറിച്ചും കണ്ടൻ്റ് ക്രിയേറ്ററായ ജയചന്ദ്രൻ തമിഴരശൻ നടത്തിയ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. കഠിനമായ അച്ചടക്കമാണ് തന്റെ മാറ്റത്തിന് പിന്നിലെ പ്രധാന രഹസ്യമെന്ന് ഇദ്ദേഹം പറയുന്നു.
ചുട്ടുപൊള്ളുന്ന വെയിലിൽ കഠിനമായ ശാരീരിക അധ്വാനം ആവശ്യമായ ജോലി ചെയ്തിട്ടും, ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യാൻ അദ്ദേഹം സമയം കണ്ടെത്തുന്നു. തിങ്കളാഴ്ച ചെസ്റ്റ് വർക്കൗട്ടിൽ തുടങ്ങി വെള്ളിയിലെ ലെഗ് ഡേ വരെ നീളുന്ന കൃത്യമായ ഒരു പ്ലാൻ അദ്ദേഹത്തിനുണ്ട്. എന്നാൽ ജോലിക്ക് തടസ്സമാകാതിരിക്കാൻ കാലുകൾക്കുള്ള വ്യായാമത്തിൽ വലിയ തീവ്രത നൽകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണക്രമത്തിൻ്റെ കാര്യത്തിലും ഇദ്ദേഹം വേറിട്ടുനിൽക്കുന്നു. പേശികൾ വളർത്താൻ സാധാരണയായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ് നിർദ്ദേശിക്കാറുള്ളതെങ്കിലും, പകലത്തെ അധ്വാനത്തിന് ഊർജ്ജം ലഭിക്കാൻ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ഇദ്ദേഹം കഴിക്കുന്നത്. പ്രഭാതഭക്ഷണത്തിനും ഉച്ചയ്ക്കും രാത്രിയും ചോറ് മാത്രമാണ് പ്രധാന ആഹാരം. ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണങ്ങളായ ഇഡ്ഡലിയും ദോശയും അദ്ദേഹം പൂർണ്ണമായും ഒഴിവാക്കി. ചോറിനൊപ്പം സാമ്പാറും രസവും കാരറ്റും ബീറ്റ്‌റൂട്ടും ചേർത്ത കറികളുമാണ് കഴിക്കുന്നത്. ആഴ്ചയിലൊരിക്കൽ മട്ടൺ കഴിക്കുമെന്നല്ലാതെ ചിക്കനോ മീനോ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല.
സ്റ്റിറോയിഡുകളോ മറ്റു കൃത്രിമ പ്രോട്ടീൻ പൗഡറുകളോ താൻ ഉപയോഗിക്കാറില്ലെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ ആഹാരവും വ്യായാമവും രാത്രി ഏഴ് മണിക്കൂർ ഉറക്കവുമാണ് തന്റെ ആരോഗ്യത്തിൻ്റെ അടിസ്ഥാനം. ലഹരിവസ്തുക്കളും ജങ്ക് ഫുഡും പൂർണ്ണമായും ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാനാണ് അദ്ദേഹം നൽകുന്ന ഉപദേശം. നൂറു ശതമാനം ആത്മാർത്ഥതയോടെ പരിശ്രമിച്ചാൽ ഏതൊരാൾക്കും ആഗ്രഹിച്ച ലക്ഷ്യം നേടാമെന്ന് ഈ ചെന്നൈ സ്വദേശി തെളിയിക്കുന്നു.




