Sports

‘മുറിയില്‍ അതിക്രമിച്ചു കയറി, കഴുത്തു ഞെരിച്ചു, കടിച്ചു’: കേപ്‌ വെർദെ ക്യാപ്റ്റൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി

മയാമി: ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ച കേപ് വെർദെ ടീമിന്റെ ക്യാപ്റ്റൻ റയാൻ മെൻഡിസിനെതിരെ ലൈംഗിക പീഡന പരാതി. കഴിഞ്ഞ മാർച്ചിൽ ന്യൂസിലൻഡിൽ നടന്ന ഫിഫ പരമ്പരയ്ക്കിടെ ടീമിന്റെ പരിഭാഷകയായി ജോലി ചെയ്ത ബ്രസീലിയൻ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. ഓക്‌ലൻഡിലെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറി മെൻഡിസ് തങ്ങളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. ഈ പരാതിയിൽ ന്യൂസിലൻഡ് പോലീസ് ഇപ്പോൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മാർച്ച് 27-ന് ചിലിക്കെതിരായ കളിക്ക് മുൻപ് ഹോട്ടൽ മുറിയിൽ വെച്ചു നടന്ന ഒരു യോഗത്തിലേക്ക് തന്നെ വിളിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി. എന്നാൽ അതൊരു സൗഹൃദക്കൂട്ടായ്മ മാത്രമാണെന്ന് മനസിലായതോടെ താൻ സ്വന്തം മുറിയിലേക്ക് മടങ്ങി. ഈ സമയം മെൻഡിസ് തന്നെ പിന്തുടരുകയും മുറിയുടെ വാതിലിൽ മുട്ടുകയും ചെയ്തു. വാതിൽ തുറന്നപ്പോൾ അകത്തേക്ക് അതിക്രമിച്ചു കയറിയ താരം, തന്റെ കഴുത്ത് ഞെരിക്കുകയും മർദ്ദിക്കുകയും കടിക്കുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് യുവതി വ്യക്തമാക്കുന്നത്.

സംഭവം നടന്ന ദിവസം തന്നെ കേപ് വെർദെ ഫുട്ബോൾ ബോർഡ് ഭാരവാഹികളോട് പരാതിപ്പെട്ടെങ്കിലും അവർ നടപടിയൊന്നും എടുത്തില്ല. അതേസമയം, ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ന്യൂസിലൻഡ് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും ഫിഫ അറിയിച്ചു. നോക്കൗട്ടിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുമായാണ് കേപ് വെർദെയുടെ മത്സരം. നിലവിൽ മെൻഡിസിനെ കൂടാതെ മൊറോക്കോ താരം അഷ്റഫ് ഹക്കിമിയും ഫ്രാൻസിൽ സമാനമായ കേസ് നേരിടുന്നുണ്ട്. ജപ്പാന്റെ ജുന്യ ഇറ്റോ, കൈഷു സാനോ എന്നിവരും ഇത്തരം പരാതികളിൽ പ്രതികളാണ്. ഘാനയുടെ പ്രമുഖ താരം തോമസ് പാർടെയ്ക്കെതിരെയും ഇംഗ്ലണ്ടിൽ ഒന്നിലധികം പീഡന പരാതികൾ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *