‘തെറ്റുകൾക്ക് ഇവിടെ സ്ഥാനമില്ല’ (No room for mistakes) എന്ന വരികൾ ഒരു ഫ്രഞ്ച് സ്വദേശിയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ സത്യമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇദ്ദേഹം ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഠിനമായ പാതകളിലൂടെ സൈക്കിൾ ചവിട്ടാൻ ഇഷ്ടപ്പെടുന്ന ഫെലിപ്പെ വെർഗാര എന്ന ഈ യുവാവ്, ഫ്രാൻസിലെ ഉയർന്ന മലനിരകളിലെ ഒരു റോഡിലൂടെ സൈക്കിൾ ഓടിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ഉയരമുള്ള മലനിരകളിലൂടെ സൈക്കിൾ ഓടിക്കുന്നത് ഒരു റൈഡറെ സംബന്ധിച്ച് സാധാരണ കാര്യമാണെങ്കിലും, ഈ വീഡിയോ ലോകശ്രദ്ധ നേടാൻ കാരണം അദ്ദേഹം തിരഞ്ഞെടുത്ത പാതയാണ്.
റോഡിന്റെ വശത്തുള്ള കൊടുംചെരിവുള്ള മലയിടുക്കിന്റെ അതിർത്തി മതിലിലൂടെയാണ് വെർഗാര തന്റെ സൈക്കിൾ ബാലൻസ് ചെയ്ത് ഓടിച്ചത്! ‘തെറ്റുകൾക്ക് ഇവിടെ സ്ഥാനമില്ല’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും, ആളുകളിൽ നിന്ന് വലിയ രീതിയിലുള്ള പ്രതികരണങ്ങൾ വരാൻ തുടങ്ങുകയും ചെയ്തു. പലരും ഈ സാഹസത്തെ “ആവശ്യമില്ലാത്തത്” എന്നും “അപകടം നിറഞ്ഞത്” എന്നും വിശേഷിപ്പിച്ചപ്പോൾ, മറ്റു ചിലർ അദ്ദേഹത്തിന്റെ കഴിവിനെയും ധൈര്യത്തെയും അഭിനന്ദിച്ചു. എന്നാൽ ഈ വീഡിയോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.




