ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോള്‍ കാമുകൻ പറയുന്നത് ഒന്നും കേൾക്കാൻ കഴിയാതെ യുവതി . ചൈനയിലെ സിയാമെനിൽ നിന്നുള്ള ഒരു യുവതിക്കാണ് അസാധാരണമായ ഈ ആരോഗ്യപ്രശ്നം. ‘റിവേഴ്സ് സ്ലോപ്പ് ഹിയറിംഗ് ലോസ്’ (Reverse slope hearing loss) എന്ന അപൂർവ്വമായ അവസ്ഥയാണ് ഇതിന് കാരണമായത്.
കുറഞ്ഞ ഫ്രീക്വൻസിയുള്ള ശബ്ദങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോഴാണ് കാമുകൻ പറയുന്നത് കേൾക്കാൻ കഴിയുന്നില്ലെന്ന് യുവതി തിരിച്ചറിഞ്ഞത്. പുരുഷന്മാരുടെ ശബ്ദം സാധാരണയായി കുറഞ്ഞ ഫ്രീക്വൻസിയിലുള്ളതായതുകൊണ്ടാണ് അവർക്ക് ഇത് അനുഭവപ്പെട്ടത്. അതേസമയം, ഉയർന്ന ശബ്ദത്തിലുള്ള കാര്യങ്ങൾ അവർക്ക് വ്യക്തമായി കേൾക്കാൻ സാധിച്ചിരുന്നു.
സാധാരണയായി കേൾവിശക്തി കുറയുന്നവർക്ക് ഉയർന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങളാണ് കേൾക്കാൻ പ്രയാസമനുഭവപ്പെടാറുള്ളത്. എന്നാൽ ഇതിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. പുരുഷന്മാരുടെ ശബ്ദം മാത്രമല്ല, ഘനമുള്ള ശബ്ദമുള്ള സ്ത്രീകളുടെ സംസാരവും, ഇടിമുഴക്കം പോലുള്ള താഴ്ന്ന ശബ്ദങ്ങളും ഇങ്ങനെയുള്ളവർക്ക് കേൾക്കാൻ കഴിയില്ല.
പലപ്പോഴും ഈ അവസ്ഥ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. വൈറൽ ഇൻഫെക്ഷനുകൾ, കിഡ്നി തകരാർ, തലച്ചോറിലെ മർദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയൊക്കെ ഇതിന് കാരണമാകാമെന്ന് ഡോക്ടർമാർ പറയുന്നു. കേൾവിശക്തി പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് ഹിയറിംഗ് എയ്ഡുകൾ സഹായകമാകും. എന്തായാലും കാമുകന്റെ ശബ്ദം കേൾക്കാത്തത് മനഃപൂർവ്വമല്ലെന്നും ഇതൊരു അസുഖമാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.




