Featured Healthy Food

ചെണ്ടുമല്ലി ഇനി വെറും പൂവല്ല, പ്രോട്ടീൻ കലവറ! പുതിയ പഠനങ്ങൾ പുറത്ത്, പക്ഷേ ഇപ്പോള്‍ കഴിച്ചു തുടങ്ങല്ലേ….

നമ്മുടെ നാട്ടിൽ പൂജകൾക്കും ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്കുമായി സാധാരണയായി ഉപയോഗിക്കുന്ന ചെണ്ടുമല്ലിപ്പൂവ് (Genda Phool) ഭാവിയിൽ ലോകത്തിന്റെ പ്രധാന പ്രോട്ടീൻ സ്രോതസ്സായി മാറിയേക്കാം. ‘എസിഎസ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി’ (ACS Food Science and Technology) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമാണ് ഈ സാധ്യത ചൂണ്ടിക്കാണിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും ആഗോള ഭക്ഷ്യക്ഷാമവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സുസ്ഥിരമായ ഒരു സസ്യ പ്രോട്ടീനായി ചെണ്ടുമല്ലിയെ ഉപയോഗപ്പെടുത്താമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. മറ്റു പല പൂക്കളുമായി താരതമ്യം ചെയ്യുമ്പോൾ, ചെണ്ടുമല്ലിയിൽ 20 മുതൽ 27 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ, ഫ്ലേവനോയിഡുകൾ എന്നിവയാലും ഇത് സമ്പന്നമാണ്.

പരീക്ഷണശാലയിൽ ചെണ്ടുമല്ലിപ്പൂവിൽ നിന്ന് വേർതിരിച്ചെടുത്ത പ്രോട്ടീൻ ഘടകങ്ങൾ ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളവും എണ്ണയും ആഗിരണം ചെയ്യാനുള്ള മികച്ച ശേഷി ഇതിനുള്ളതിനാൽ ഭക്ഷണത്തിന്റെ പോഷകഗുണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

എന്തുകൊണ്ട് ചെണ്ടുമല്ലി ?

വളരെ കുറഞ്ഞ ചെലവിൽ കൃഷി ചെയ്യാമെന്നതും പൂജകൾക്കും മറ്റും ഉപയോഗിച്ച ശേഷം പാഴായിപ്പോകുന്ന പൂക്കളെ പുനരുപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ചെണ്ടുമല്ലിയിലെ പോഷകങ്ങൾ ശരീരത്തിലെ വീക്കം (inflammation) കുറയ്ക്കാനും സഹായിക്കും. പ്രോട്ടീൻ പൗഡറുകളായോ മറ്റു ഭക്ഷണ പദാർത്ഥങ്ങളിൽ ചേർത്തോ ഭാവിയിൽ ഇത് വിപണിയിൽ എത്തിയേക്കാം.

ഇപ്പോൾ തന്നെ ചെണ്ടുമല്ലി കഴിച്ചു തുടങ്ങാമോ?

ഇല്ല എന്നാണ് ശാസ്ത്രലോകം നൽകുന്ന മറുപടി. ഇത് ഒരു ഭക്ഷണമായി ഉപയോഗിക്കുന്നതിന് മുൻപ് ഇനിയും നിരവധി സുരക്ഷാ പരിശോധനകളും നിയമപരമായ അനുമതികളും ആവശ്യമാണ്. നിലവിൽ അലങ്കാരത്തിനും പൂജകൾക്കുമായി ഉപയോഗിക്കുന്ന പൂക്കളിൽ കീടനാശിനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അവ നേരിട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അപകടകരമാണ്. ശാസ്ത്രീയമായ സംസ്കരണ രീതികളിലൂടെ മാത്രമേ ഇവയെ ഭക്ഷണയോഗ്യമാക്കാൻ സാധിക്കൂ. നിലവിലെ പ്രോട്ടീൻ സ്രോതസ്സുകൾക്ക് പകരമായി ചെണ്ടുമല്ലി മാറാൻ ഇനിയും വർഷങ്ങൾ എടുത്തേക്കാം. എങ്കിലും ഭക്ഷ്യശാസ്ത്ര മേഖലയിലെ വലിയൊരു മുന്നേറ്റമായാണ് ഈ പഠനം വിലയിരുത്തപ്പെടുന്നത്.