നാസിക്കിലെ ഒരു പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ കഴിഞ്ഞ നാല് വർഷമായി നടന്നു വന്നിരുന്ന ക്രൂരമായ ലൈംഗിക പീഡനവിവരങ്ങൾ വേഷം മാറി എത്തിയ ഏഴ് വനിതാ പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പുറത്തുകൊണ്ടുവന്നത്. കമ്പനിക്കുള്ളിൽ നടന്ന ഒരു മീറ്റിംഗിനിടെ വേഷപ്രച്ഛന്നരായി എത്തിയ പോലീസ് സംഘം, പ്രതികൾ സ്ത്രീകളോട് മോശമായി പെരുമാറുന്നത് നേരിൽ കാണുകയും അവരെ കയ്യോടെ പിടികൂടുകയും ചെയ്തു. കേസിൽ ശക്തമായ തെളിവുകൾക്കായി നാൽപ്പതിലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് നിലവിൽ പരിശോധിച്ചു വരികയാണ്.
ടീം ലീഡർമാർ, എച്ച്.ആർ പ്രതിനിധി എന്നിവരുൾപ്പെടെ ആറുപേർക്കെതിരെ ഒമ്പതോളം എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 18 മുതൽ 25 വയസ്സുവരെയുള്ള യുവതികളാണ് പരാതി നൽകിയിട്ടുള്ളത്. ലൈംഗിക പീഡനം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, മതം മാറ്റാനുള്ള ശ്രമം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്. ജീവനക്കാരെക്കൊണ്ട് നിർബന്ധിതമായി നിസ്കരിപ്പിക്കുകയും സസ്യാഹാരികളായ യുവതികളെ നിർബന്ധിച്ച് മാംസാഹാരം കഴിപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
വിവിധ പരാതികളിലായി തൗസിഫ് അത്താർ, ഡാനിഷ് ഷെയ്ഖ്, നിദ ഖാൻ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അൻസാരി എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും, യുവതികളുടെ ശരീരത്തെയും സ്വകാര്യ ജീവിതത്തെയും കുറിച്ച് അശ്ലീലം പറയുകയും, ദുരുദ്ദേശത്തോടെ സ്പർശിക്കുകയും ചെയ്തതായി പോലീസ് വിവരിക്കുന്നു. പലതവണ കമ്പനി മേധാവികളോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നതിന് പകരം പ്രതികളെ പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായതെന്നും പരാതിക്കാരി പറയുന്നു.
പിടികൂടിയ അഞ്ച് പ്രതികളെയും ഏപ്രിൽ 10 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പരാതി ലഭിച്ചിട്ടും ഔദ്യോഗിക നടപടികൾ സ്വീകരിക്കാത്ത എച്ച്.ആർ വിഭാഗത്തിലെ ഒരു സ്ത്രീയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പോലീസ് കമ്മീഷണർ സന്ദീപ് കർണിക്കിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം (SIT) കേസ് ഏറ്റെടുത്തു. ഇത് ഒരു വലിയ റാക്കറ്റാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പീഡനം നേരിട്ട മറ്റ് സ്ത്രീകൾ ഉണ്ടെങ്കിൽ 9923323311 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാൻ പോലീസ് അറിയിച്ചു.




