മുംബൈ : ടീം ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റനും മുംബൈ നായകനുമായ ശ്രേയസ് അയ്യർ തകർപ്പൻ സിക്സർ നേടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫിയിലെ മുംബൈ – പഞ്ചാബ് മത്സരത്തിലേതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രീസിലെത്തിയ ഉടൻ തന്നെ മാരകമായ ഒരു ഷോർട്ട് ബോൾ ശ്രേയസിന്റെ ഹെൽമെറ്റിൽ പതിക്കുന്നതും, എന്നാൽ തൊട്ടടുത്ത പന്തിൽ അദ്ദേഹം സിക്സർ പറത്തി തിരിച്ചടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ഒരു ഷോർട്ട് ബോൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് പന്ത് ശ്രേയസിന്റെ ഹെൽമെറ്റിൽ തട്ടിയത്. തുടർന്ന് മെഡിക്കൽ സംഘം മൈതാനത്തെത്തി അദ്ദേഹത്തെ പരിശോധിച്ചു. ചികിത്സയ്ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ശ്രേയസ് അടുത്ത പന്തിൽ തന്നെ സിക്സർ നേടി. എന്നാൽ ഇത് സിക്സറാണോ ഫോറാണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. നാല് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടെ 132 സ്ട്രൈക്ക് റേറ്റിൽ 45 റൺസാണ് താരം ഈ മത്സരത്തിൽ നേടിയത്.
സർഫറാസ് ഖാന്റെ റെക്കോർഡ് പ്രകടനം
ഈ മത്സരത്തിലെ മറ്റൊരു പ്രധാന ആകർഷണം സർഫറാസ് ഖാന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി എന്ന റെക്കോർഡ് സർഫറാസ് സ്വന്തമാക്കി. പഞ്ചാബ് താരം അഭിഷേക് ശർമ എറിഞ്ഞ പത്താം ഓവറിൽ 30 റൺസാണ് സർഫറാസ് അടിച്ചുകൂട്ടിയത്. വെറും 15 പന്തിൽ നിന്നാണ് താരം 50 റൺസ് തികച്ചത്. 2020-21 സീസണിലെ 16 പന്തിൽ നിന്നുള്ള ഫിഫ്റ്റിയുടെ റെക്കോർഡാണ് ഇതോടെ തകർന്നത്.
മുംബൈ ബാറ്റർമാരുടെ മികച്ച പ്രകടനം ഉണ്ടായിരുന്നിട്ടും, ആവേശകരമായ പോരാട്ടത്തിൽ ഒരു റണ്ണിന് മുംബൈ പരാജയപ്പെട്ടു. 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ലക്ഷ്യത്തിന് തൊട്ടരികിൽ കാലിടറുകയായിരുന്നു.




