Featured Sports

ഹിറ്റ്മാന്റെ ചരിത്ര സെഞ്ച്വറി പാഴായി; മധ്യനിര ചതിച്ചു, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടു!

ലണ്ടനിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യൻ ടീമിന് കൈവിട്ടു . മൂന്നാം ഏകദിന മത്സരത്തിൽ 27 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്, ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കി. നേരത്തെ നടന്ന ട്വന്‍റി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഏകദിനത്തിലും പരാജയപ്പെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. മുതിർന്ന താരം രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയും നായകൻ ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറികളും മത്സരത്തിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയിരുന്നതാണ്.

എന്നാൽ, മധ്യനിര ബാറ്റർമാർ തുടർച്ചയായി പരാജയപ്പെട്ടത് ഇന്ത്യയുടെ പ്രതീക്ഷകൾ തകിടം മറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 387 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 360 റൺസെടുക്കാനേ സാധിച്ചുള്ളൂ. രോഹിത് ശർമ 110 പന്തിൽ 138 റൺസെടുത്താണ് പുറത്തായത്, 84 പന്തിലായിരുന്നു താരം സെഞ്ച്വറി തികച്ചത്.

ഏകദിന ക്രിക്കറ്റിൽ ഹിറ്റ്മാൻ രോഹിത് ശർമ നേടുന്ന 34-ാം സെഞ്ച്വറിയാണിത്. ചരിത്രപ്രസിദ്ധമായ ലോർഡ്സ് മൈതാനത്ത് ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡും ഇതോടെ രോഹിത് സ്വന്തം പേരിൽ കുറിച്ചു. 2004ൽ ഇംഗ്ലണ്ടിനെതിരെ മുൻ നായകൻ സൗരവ് ഗാംഗുലി നേടിയ 90 റൺസായിരുന്നു ഇതിനുമുമ്പ് ലോർഡ്സിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ. മത്സരത്തിൽ ഗിൽ 84 പന്തിൽ 77 റൺസും വിരാട് കോഹ്ലി 60 പന്തിൽ 74 റൺസുമെടുത്ത് മികച്ച സംഭാവന നൽകി. ഒരു ഘട്ടത്തിൽ 43.3 ഓവറിൽ മൂന്ന് വിക്കറ്റിന് 304 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാൽ പിന്നീട് വന്ന ഇഷാൻ കിഷൻ (14 റൺസ്), ശ്രേയസ് അയ്യർ (പൂജ്യം), കെ.എൽ. രാഹുൽ (12 റൺസ്), അക്ഷർ പട്ടേൽ (2 റൺസ്) എന്നിവർക്കൊന്നും തിളങ്ങാനായില്ല. അവസാന നിമിഷം 18 റൺസുമായി ഗുർനൂർ ബ്രാറും 15 റൺസുമായി അർഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി സാം കരൻ നാല് വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഓപ്പണർ ബെൻ ഡക്കറ്റിന്‍റെ തകർപ്പൻ സെഞ്ച്വറിയും (141 റൺസ്), ജേക്കബ് ബെഥൽ (91 റൺസ്), ജോ റൂട്ട് (പുറത്താകാതെ 74 റൺസ്) എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിന് റൺമല സമ്മാനിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ജോസ് ബട്‍ലർ വെറും 13 പന്തിൽ 41 റൺസ് വാരിക്കൂട്ടി. ക്രിക്കറ്റിന്‍റെ മക്ക എന്നറിയപ്പെടുന്ന ലോർഡ്സ് മൈതാനത്ത് ഒരു ഏകദിന മത്സരത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഒന്നാം വിക്കറ്റിൽ ഡക്കറ്റും ബെഥലും ചേർന്ന് 192 റൺസിന്റെ വലിയ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ഏകദിന ക്രിക്കറ്റിൽ ലോർഡ്‌സ് ഗ്രൗണ്ടിൽ പിറക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത് എന്ന പ്രത്യേകതയുമുണ്ട്. പേസർ ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ ഈ മത്സരത്തിന് ഇറങ്ങിയത്. ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റൊരു താരം നായകൻ ഹാരി ബ്രൂക്ക് (14 റൺസ്) മാത്രമാണ്. ഇന്ത്യക്കായി ബൗളിങ്ങിൽ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും പ്രിൻസ് യാദവ് ഒരു വിക്കറ്റും വീഴ്ത്തിയെങ്കിലും ഇരുവരും യഥാക്രമം 69, 79 റൺസുകൾ വഴങ്ങി. ഗുർനൂർ ബ്രാർ 10 ഓവറിൽ 97 റൺസാണ് വിട്ടുകൊടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാരായ ഡക്കറ്റും ബെഥലും ചേർന്ന് വളരെ മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ ബൗളർമാർ പല രീതിയിൽ ശ്രമിച്ചെങ്കിലും തുടക്കത്തിൽ വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞില്ല. ഒടുവിൽ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ബെഥലിനെ 31-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

ബെഥൽ പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർ 192 റൺസായിരുന്നു. തുടർന്ന് വന്ന ജോ റൂട്ട് ഓപ്പണർ ഡക്കറ്റിന് മികച്ച പിന്തുണ നൽകി. 36-ാം ഓവറിൽ ഡക്കറ്റ് സെഞ്ച്വറി പൂർത്തിയാക്കി. ലോഡ്സ് ഗ്രൗണ്ടിൽ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഓപ്പണർ ബാറ്ററായി ഇതോടെ ഡക്കറ്റ് മാറി. 150 റൺസിലേക്ക് കുതിക്കുകയായിരുന്ന താരത്തെ 44-ാം ഓവറിൽ പ്രിൻസ് യാദവാണ് പുറത്താക്കിയത്. ലോഡ്സ് ഗ്രൗണ്ടിലെ ഒരു ഏകദിന മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോഡ് സ്വന്തമാക്കിയാണ് ഡക്കറ്റ് മടങ്ങിയത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് സ്ഥാപിച്ച 138 റൺസിന്റെ റെക്കോർഡാണ് താരം തിരുത്തിക്കുറിച്ചത്. ഹാരി ബ്രൂക്ക് വേഗത്തിൽ പുറത്തായെങ്കിലും, അവസാന ഓവറുകളിൽ ജോ റൂട്ടും ജോസ് ബട്‍ലറും നടത്തിയ വെടിക്കെട്ട് ബാറ്റിങ് ഇംഗ്ലണ്ട് സ്കോർ 380 കടത്തുകയായിരുന്നു. മൂന്ന് സിക്സും നാല് ഫോറുമടക്കമാണ് ബട്‍ലർ 13 പന്തിൽ 41 റൺസ് അടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *