Crime

‘ഈ കുഞ്ഞ് നിന്റേതാണ്, ഭാര്യയോട് പറയും!’; തിരുവനന്തപുരത്ത് ഹണിട്രാപ്പ്, വ്യവസായിക്ക് നഷ്ടമായത് ആറു കോടിക്കു മുകളില്‍

തിരുവനന്തപുരത്ത് തെലങ്കാന സ്വദേശിയായ യുവവ്യവസായി ഹണിട്രാപ്പ് തട്ടിപ്പിന് ഇരയായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. മൂന്ന് വർഷത്തോളമായി തുടരുന്ന നിരന്തരമായ ഭീഷണികൾക്കും ചൂഷണങ്ങൾക്കും ഒടുവിൽ മറ്റ് വഴികളില്ലാതെ 39-കാരനായ വ്യവസായി പോലീസിൽ പരാതി നൽകുകയായിരുന്നു. നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിക്കും അവരുടെ മൂന്ന് സുഹൃത്തുക്കൾക്കുമെതിരെയാണ് നിലവിൽ വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

യുവ വ്യവസായിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിപ്പ് തുടങ്ങിയത്. കുഞ്ഞ് ജനിച്ച വിവരം വ്യവസായിയുടെ ഭാര്യയെയും കുടുംബത്തെയും അറിയിക്കുമെന്നായിരുന്നു പ്രധാന ഭീഷണി. 2023 ജൂണിലാണ് ഈ ബ്ലാക്ക്‌മെയിലിംഗ് ആരംഭിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആർ പ്രകാരം, 2023 ജൂൺ 22-നാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകുന്നത്. അന്നു മുതൽ കുട്ടിയുടെ കാര്യം പറഞ്ഞ് വ്യവസായിയുടെ ഭാര്യയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ തുടങ്ങി. ഇയാൾ ഡയറക്ടറായ കമ്പനിയുടെ വാർഷിക ലാഭത്തിന്റെ പകുതി ഭാഗം (50%) യുവതി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് നിർബന്ധിച്ച് കൈമാറ്റം ചെയ്യിക്കുകയും ചെയ്തു.

ഇതിനുപുറമേ, പലതവണയായി ഒരു കോടി എൺപത് ലക്ഷം രൂപയോളം ഭീഷണിപ്പെടുത്തി ഇവർ തട്ടിയെടുത്തു. തൃപ്പൂണിത്തുറയിൽ ഒരു കോടി ഇരുപത് ലക്ഷം രൂപ വിലവരുന്ന ഫ്ലാറ്റ് യുവതി സ്വന്തം പേരിൽ വാങ്ങിപ്പിച്ചു. തുടർന്ന് 2024 ജൂണിൽ തിരുവനന്തപുരം മലയിൻകീഴ് വില്ലേജിൽ ഒരു കോടി മുപ്പത് ലക്ഷം രൂപയ്ക്ക് 20 സെന്റ് സ്ഥലവും വ്യവസായിയെക്കൊണ്ട് രജിസ്റ്റർ ചെയ്യിപ്പിച്ചു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിവിധ ജ്വല്ലറികളിൽ നിന്നായി 45 പവന ഓളം സ്വർണാഭരണങ്ങളും ഇവർ വാങ്ങിപ്പിച്ചു. വീണ്ടും പണം ആവശ്യപ്പെട്ട് സമ്മർദ്ദം തുടർന്നപ്പോഴാണ് വ്യവസായി വഞ്ചിയൂർ പോലീസിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *