തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പടങ്ങിയ വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി ദേശാഭിമാനി . എന്നാൽ, ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെപ്പറ്റി വന്ന ലേഖനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സപ്ലിമെന്റിന്റെ അച്ചടി മാറ്റിവെക്കാൻ കാരണമായതെന്നാണ് ദേശാഭിമാനി വൃത്തങ്ങളിൽ നിന്നുള്ള വിശദീകരണം. ഈ തലക്കെട്ടുമായി ബന്ധപ്പെട്ട് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതായാണ് വിവരം.
വി.എസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന കവർസ്റ്റോറിയായിരുന്നു സൺഡേ സപ്ലിമെന്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പത്രം പുറത്തിറങ്ങിയപ്പോൾ സപ്ലിമെന്റ് കൂടെയുണ്ടായിരുന്നില്ല. സാങ്കേതിക കാരണങ്ങളാലാണ് സപ്ലിമെന്റ് നൽകാത്തതെന്നാണ് പത്രത്തിന്റെ ഒന്നാം പേജിൽ അറിയിച്ചിരുന്നത്.
ഇതോടെ പാർട്ടി പത്രം വി.എസിനെ ബോധപൂർവ്വം അവഗണിച്ചതാണെന്ന തരത്തിൽ വലിയ വിവാദം ഉയർന്നു. ഇതിന് പിന്നാലെയാണ് യഥാർത്ഥ കാരണങ്ങൾ പുറത്തുവന്നത്. സപ്ലിമെന്റിന്റെ അവസാന പേജിൽ കൊടുത്തിരുന്ന മറ്റൊരു ലേഖനത്തിന്റെ തലക്കെട്ടാണ് എല്ലാ പ്രശ്നങ്ങൾക്കും വഴിവെച്ചത്.
പുല്ലംപാറയിലെ ‘കള്ളൻ വിജയൻ’ എന്നറിയപ്പെടുന്ന ഒരു നാടകപ്രവർത്തകനെക്കുറിച്ച് ‘കള്ളൻ വിജയൻ, ധന്യ, നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിലായിരുന്നു ആ ലേഖനം. ആദ്യ പേജിൽ വി.എസ്. അനുസ്മരണവും അവസാന പേജിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനവും ഒരുമിച്ച് വരുന്നത് അനാവശ്യമായ രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ചിലർ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ തർക്കങ്ങൾക്ക് കാരണമായി.
ഒടുവിൽ തെറ്റിദ്ധാരണകൾ ഒഴിവാക്കാനായി സപ്ലിമെന്റ് തന്നെ പൂർണ്ണമായി വേണ്ടെന്നുവെക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ പാർട്ടി പത്രം കണ്ടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് നേതാക്കൾ ശ്രമിച്ചത്. സംഭവം പുറത്തായതോടെ വി.എസിനെയും പിണറായി വിജയനെയും ഒപ്പം ദേശാഭിമാനിയെയും പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ എതിരാളികൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.




