ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എന്‍ഞ്ചിനീയറായ യുവതി ക്ഷേത്രക്കുളത്തിൽ ജീവനൊടുക്കി. മരണത്തിന് തൊട്ടുമുമ്പ് യുവതി വസ്ത്രങ്ങളെല്ലാം അഴിച്ച് മാറ്റിയ ശേഷം പൂര്‍ണനഗ്നയായി ക്ഷേത്രത്തിനുള്ളിലേക്ക് കയറുകയും, അവിടുത്തെ വിഗ്രഹം കയ്യിലെടുത്ത് കുളത്തില്‍ ചാടുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും അവർ കൊണ്ടുപോയ വിഗ്രഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
തേജസ്വിനി എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് എത്തിയ യുവതി വസ്ത്രങ്ങൾ ഉപേക്ഷിച്ച ശേഷമാണ് അമ്മവാരു ദേവിയുടെ വിഗ്രഹവുമായി അടുത്തുള്ള കുളത്തിലേക്ക് ചാടിയത്. ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ ബോട്ടുകൾ ഉപയോഗിച്ച് നിലവിൽ വിഗ്രഹത്തിനായി തിരച്ചിൽ നടത്തിവരികയാണ്. ഈ വിഗ്രഹം കേസിൽ വളരെ പ്രധാനപ്പെട്ട ഒരു തെളിവാണെന്നാണ് പൊലീസ് കരുതുന്നത്.
പൊലീസ് കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച്, അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. അമ്മയോടൊപ്പം പുതിയ വീട് അന്വേഷിച്ച് മടങ്ങിയെത്തിയ തേജസ്വിനി, അമ്മ ഉറങ്ങുന്ന സമയത്ത് അവരെ കിടപ്പുമുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ യുവതി തന്റെ വസ്ത്രങ്ങളെല്ലാം ഊരിമാറ്റിയ ശേഷം അടുത്തുള്ള ക്ഷേത്രത്തിലേക്ക് ഓടുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി പതിഞ്ഞ ദൃശ്യങ്ങള്‍ അനുസരിച്ച് പൂർണ്ണ നഗ്നയായി ശ്രീകോവിലിനുള്ളിൽ കയറിയ തേജസ്വിനി, അവിടെയുണ്ടായിരുന്ന അമ്മവാരു ദേവിയുടെ വിഗ്രഹം കയ്യിലെടുത്ത് നേരെ കുളത്തിലേക്ക് ഓടുകയും വെള്ളത്തിൽ ചാടുകയുമായിരുന്നു.
അതേസമയം, മേഡിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചില വിചിത്രമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടക നൽകിയാണ് തേജസ്വിനി താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ നിയമവിരുദ്ധമായി ലോഡ്ജ് പോലെയാണ് പ്രവർത്തിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
മരണത്തിന് മുൻപ് യുവതി എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്, ഇത് കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. തേജസ്വിനിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ അരുണയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ, താനും മകളും കുറച്ചുകാലമായി വലിയ പേടിയും കടുത്ത മാനസിക വിഷമങ്ങളും അനുഭവിച്ചിരുന്നതായി അവർ വെളിപ്പെടുത്തി. യുവതിയുടെ ഈ അസ്വാഭാവിക പെരുമാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ഡിജിറ്റൽ തെളിവുകളും സാമ്പത്തിക വിവരങ്ങളും ഫോറൻസിക് റിപ്പോർട്ടുകളും പൂർണ്ണമായി പരിശോധിച്ച ശേഷം മാത്രമേ പൊലീസ് ഔദ്യോഗിക നിഗമനത്തിൽ എത്തുകയുള്ളൂ.




