Crime

രാജ്യത്തെ വലിയ ഡാര്‍ക്നെറ്റ് ശൃംഖല തകര്‍ത്ത് എന്‍സിബി; മുഖ്യ സൂത്രധാരനായ മലയാളി പിടിയില്‍

‘കെറ്റാമെലോൺ’ എന്ന അപരനാമത്തിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് എന്‍സിബി. (നാഷനല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ). ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശി എഡിസനെ കൊച്ചി എന്‍സിബി യൂണിറ്റ് അറസ്റ്റ് ചെയ്തു. 35 ലക്ഷത്തിന്റെ രാസലഹരിക്ക് പുറമെ ലഹരിയിടപാടിലൂടെ സമ്പാദിച്ച 70 ലക്ഷത്തിന്റെ ക്രിപ്റ്റോ കറന്‍സിയുടെ വിവരങ്ങളും കണ്ടെത്തി.

ഡാര്‍ക്ക്‌ നെറ്റിന്റെ മറവില്‍ ലഹരിമരുന്ന്‌, ക്രിപ്‌റ്റോ കറന്‍സി ഇടപാട്‌ നടത്തിയിരുന്ന രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന്‌ മാഫിയ സംഘത്തെയാണ് എന്‍.സി.ബി വലയിലാക്കിയത്. ഓപ്പറേഷന്‍ മെലന്‍ എന്ന പേരില്‍ എന്‍.സി.ബിയുടെ കൊച്ചി സോണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തില്‍ 1,127 എല്‍.എസ്‌.ഡി. സ്‌റ്റാമ്പുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപയ്‌ക്ക് തുല്യമായ കോയിന്‍ ക്രിപ്‌റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ എന്‍.സി.ബി. പിടിച്ചെടുത്തു.

ഡാര്‍ക്‌നെറ്റ്‌ വഴിയാണ്‌ സംഘം ലഹരിമരുന്ന്‌ വില്‍പന നടത്തിയിരുന്നതെന്ന്‌ എന്‍.സി.ബി. അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ‘കെറ്റാമെലന്‍’ എന്ന ലഹരിമരുന്ന്‌ സംഘത്തിന്‌ ബംഗളൂരു, ചെന്നൈ, ഭോപാല്‍, പട്‌ന, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലേക്കും എല്‍.എസ്‌.ഡി. എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ്‌ വിവരം.

14 മാസത്തിനിടെ 600 ഷിപ്പ്‌മെന്റുകളാണ്‌ ഡാര്‍ക്‌നെറ്റ്‌ വഴി കെറ്റാമെലന്‍ സംഘം വില്‍പന നടത്തിയതെന്നും എന്‍.സി.ബി. കണ്ടെത്തി. ജൂണ്‍ 28ന്‌ കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്‌സലുകളില്‍നിന്നാണ്‌ സംശയം ഉയര്‍ന്നത്‌. ഇതില്‍ 280 എല്‍.എസ്‌.ഡി. സ്‌റ്റാമ്പുകളുണ്ടെന്നു കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. പാഴ്‌സല്‍ ബുക്ക്‌ ചെയ്‌തതായി സംശയിക്കുന്ന വ്യക്‌തിയുടെ സ്‌ഥലത്ത്‌ നടത്തിയ പരിശോധനയില്‍ 131.66 ഗ്രാം കെറ്റാമിനും 847 എല്‍.എസ്‌.ഡി. സ്‌റ്റാമ്പുകള്‍ പിടികൂടി. ഡാര്‍ക്‌നെറ്റ്‌ സൈറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന കൈറ്റ്‌സ് ഓപ്പറേറ്റിങ്‌ സിസ്‌റ്റം അടങ്ങിയ പെന്‍ൈഡ്രവും ഒന്നിലധികം ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ്‌ ഡിസ്‌കുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.