മധ്യപ്രദേശിലെ മൊറേനയിൽ കാമുകനെ വിവാഹം കഴിക്കാനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വന്തം മാതാപിതാക്കളെ വിഷം കൊടുത്തു കൊലപ്പെടുത്താൻ ശ്രമിച്ച ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ മാതാപിതാക്കൾ ഇപ്പോൾ ഗ്വാളിയോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മൊറേനയിലെ പോർസ മേഖലയിലാണ് ഈ സംഭവം നടന്നത്. പെൺകുട്ടിയും കാമുകനായ സുദാമയും തമ്മിലുള്ള ഫോൺ സംഭാഷണം പോലീസിന് ലഭിച്ചതോടെയാണ് ക്രൂരമായ ഈ ഗൂഢാലോചന പുറത്തായത്. “അടുത്തുള്ള കടയിൽ നിന്ന് എലിവിഷം വാങ്ങണം, ഇന്ന് ഞാൻ തന്നെയാണ് ചപ്പാത്തി ഉണ്ടാക്കുന്നത്, അതിൽ വിഷം കലർത്തി അവർക്ക് നൽകാം” എന്ന് പെൺകുട്ടി ഫോണിലൂടെ പറയുന്നത് ഈ ഓഡിയോ ക്ലിപ്പിലുണ്ട്. നിലവിൽ ഈ ഓഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ അച്ഛൻ ഗബ്ബാർ പ്രജാപതിയുടെയും അമ്മ മിഥിലേഷിന്റെയും നില വഷളാവുകയായിരുന്നു. ഇവരെ ആദ്യം പോർസയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പിന്നീട് ഗ്വാളിയോറിലേക്ക് മാറ്റി. സുഖം പ്രാപിച്ചുവരുന്ന മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കും കാമുകനുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




