Featured Spotlight

63 എംഎല്‍എമാരില്‍ 47 പേരുടേയും പിന്തുണ കെ.സി. വേണുഗോപാലിന്? ചെന്നിത്തലയ്ക്ക് 8, സതീശന് 6 ?

തിരുവനന്തപുരം∙ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നതിനിടെ, എംഎല്‍എമാര്‍ ആരെയാണു പിന്തുണച്ചതെന്ന സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്തു നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം എഐസിസി നിരീക്ഷകനായ മുകുള്‍ വാസ്‌നിക്കിന്റെ കൈവശമുണ്ടായിരുന്ന രേഖയുടെ ചിത്രം ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടതോടെയാണ് ഈ വിവരങ്ങള്‍ ചര്‍ച്ചയായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചതായി ഈ രേഖയില്‍ സൂചനയുണ്ട്.

സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, ഉഷാ വിജയൻ, ടി. സിദ്ദിഖ് എന്നിവരുടെ പേരുകള്‍ക്ക് നേരെ ‘കെ.സി’ എന്ന് രേഖപ്പെടുത്തിയതായാണ് ചിത്രത്തിലുള്ളത്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനായ ഐ.സി. ബാലകൃഷ്ണന്‍ കെ.സിയുടെയും ആര്‍.സിയുടെയും പേരുകള്‍ അറിയിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. വ്യക്തിഗത കൂടിക്കാഴ്ചകളില്‍ പങ്കെടുത്ത 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും കെ.സി. വേണുഗോപാലിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, രമേശ് ചെന്നിത്തലയെ എട്ട് പേരും വി.ഡി. സതീശനെ ആറ് പേരും മാത്രമാണ് പിന്തുണച്ചതെന്നാണ് വിവരം. ഇരുവരും ഇന്നലെ നിരീക്ഷകരുമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ ചുമതലപ്പെടുത്തിക്കൊണ്ട് നിയമസഭാകക്ഷി യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. ശനി അല്ലെങ്കില്‍ ഞായര്‍ ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. എന്നാല്‍, താന്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും പുറത്തുവന്ന ചിത്രങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.