കണ്ണൂർ: കർമം ഒരിക്കലും വഴി തെറ്റില്ലെന്നും ജീവിതത്തിലെ എല്ലാ നിശ്ശബ്ദ ദ്രോഹങ്ങൾക്കും അത് കൃത്യമായി കണക്കു ചോദിക്കുമെന്നും വ്യക്തമാക്കി വിനോദിനി കോടിയേരി. നമ്മൾ രക്ഷപ്പെട്ടുവെന്ന് കരുതുന്ന നിമിഷമാകും കർമം അതിന്റെ ഫലം നൽകുകയെന്നും അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ അഭിപ്രായപ്പെട്ടു. താൻ ആരെയും മനഃപൂർവ്വം ഒഴിവാക്കാറില്ലെന്നും എന്നാൽ തന്റെ സാന്നിധ്യത്തിന് വിലയില്ലെന്ന് തോന്നുമ്പോൾ ഒഴിഞ്ഞുപോകാറാണ് പതിവെന്നും പറഞ്ഞുകൊണ്ടാണ് അവരുടെ കുറിപ്പ് ആരംഭിക്കുന്നത്.
ഒറ്റപ്പെട്ടുപോയവരുടെ വേദനയെക്കുറിച്ചും അവരുടെ മനസ്സിന്റെ അവസ്ഥയെക്കുറിച്ചും ആരും ചിന്തിക്കാറില്ലെന്ന് വിനോദിനി കുറിക്കുന്നു. സത്യസന്ധത പുലർത്തുമ്പോഴും വിഡ്ഢിയാകരുതെന്നും അധ്വാനിക്കുമ്പോൾ ആരോഗ്യം കളയരുതെന്നും അവർ ഓർമ്മിപ്പിക്കുന്നു. സ്നേഹിക്കുമ്പോൾ സ്വന്തം വ്യക്തിത്വമോ ലക്ഷ്യങ്ങളോ ബലി കഴിക്കരുത്. തന്റെ അഭിപ്രായങ്ങൾ സ്വതന്ത്രമാണെന്നും മറ്റ് പോസ്റ്റുകളോ കമന്റുകളോ ശ്രദ്ധിക്കാറില്ലെന്നും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ വ്യക്തമാക്കി. എന്നാൽ കുറിപ്പിലൂടെ ആരെയാണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് പ്രതികരിക്കാൻ അവർ തയ്യാറായില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ടി.കെ. ഗോവിന്ദൻ കഴിഞ്ഞ ദിവസം കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു. പാർട്ടി പുറത്താക്കിയ ടി.കെ. ഗോവിന്ദനെയും ഭാര്യയെയും വീട്ടിൽ സ്വീകരിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് വിനോദിനിയുടെ ഈ കുറിപ്പ് പുറത്തുവരുന്നത്. പാർട്ടിക്കെതിരെ മത്സരിച്ചവരെ സ്വീകരിച്ചത് ശരിയായില്ലെന്ന വികാരം സി.പി.എം പ്രവർത്തകർക്കിടയിൽ ശക്തമാണ്.
ജീവിതത്തിലെ തിരിച്ചറിവുകൾ വേദനിപ്പിക്കുന്നതാണെങ്കിലും അവ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് കുറിപ്പ് പറയുന്നു. ആൾക്കൂട്ടത്തിന് നടുവിലും ഒറ്റപ്പെട്ടുപോകുന്നവരുടെ ഹൃദയവേദന മറ്റാർക്കും മനസ്സിലാകില്ല. നീ ചെയ്ത മൗന വേദനകളും നിശ്ശബ്ദ ദ്രോഹങ്ങളും കർമത്തിന് ഓർമ്മയുണ്ടാകുമെന്നും വൈകിയാണെങ്കിലും അത് നിന്നെ തേടിയെത്തുമെന്നും വിനോദിനി കുറിച്ചു. ഒരാൾ താൻ ചെയ്ത തെറ്റുകളിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കുന്ന നേരത്താകും കർമഫലം കൃത്യമായി കണക്കുതീർക്കുക എന്ന മുന്നറിയിപ്പോടെയാണ് കുറിപ്പ് അവസാനിക്കുന്നത്




