വാഷിങ്ടൻ ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ തന്റെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി. യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ രഹസ്യമായി നൽകിയ മൊഴിയിലാണ് തനിക്ക് മൂന്ന് സ്ത്രീകളുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്ന കാര്യം ബിൽ ഗേറ്റ്സ് സമ്മതിച്ചത്. ചൊവ്വാഴ്ചയാണ് ഈ സുപ്രധാന മൊഴിപ്പകർപ്പ് പുറത്തുവന്നത്. എപ്സ്റ്റീന്റെ സ്വാധീനങ്ങളെയും ബന്ധങ്ങളെയും കുറിച്ച് യുഎസ് സമിതി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ജൂൺ 10നാണ് ബിൽ ഗേറ്റ്സ് സ്വമേധയാ ഹാജരായി ഈ വിവരങ്ങൾ കൈമാറിയത്.
ബ്രിഡ്ജ് എന്ന കാർഡ് കളിയിൽ മിടുക്കിയായ റഷ്യൻ സ്വദേശിനി മില ആന്റൊനോവ, ആണവ ശാസ്ത്രജ്ഞയായ കരിമ നിഗ്മതുലീന എന്നിവരുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് എപ്സ്റ്റീന് അറിയാമായിരുന്നുവെന്ന് ബിൽ ഗേറ്റ്സ് വ്യക്തമാക്കി. ഇതിനുപുറമെ, മെഡിക്കൽ സംരംഭകയായ ആലീസ് ജേക്കബ്സ് നെസ്സൽറോഡുമായുള്ള മൂന്നാമതൊരു ബന്ധവും അദ്ദേഹം കമ്മിറ്റിക്ക് മുന്നിൽ തുറന്നുപറഞ്ഞു. ഈ വ്യക്തിപരമായ ബന്ധങ്ങൾക്ക് എപ്സ്റ്റീനുമായുള്ള ബിസിനസ് ഇടപാടുകളുമായി യാതൊരു ബന്ധവുമില്ലെന്നും, എന്നാൽ ഈ വിവരങ്ങൾ തന്റെ കുടുംബത്തിന് വലിയ വിഷമം ഉണ്ടാക്കിയെന്നും ഗേറ്റ്സ് പറഞ്ഞു. തനിക്കെതിരെ സമ്മർദം ചെലുത്താനായി എപ്സ്റ്റീൻ ഈ കാര്യങ്ങളും ഒപ്പം ചില നുണകളും കൂടി ചേർത്ത് ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എപ്സ്റ്റീൻ തന്നെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടില്ലെങ്കിലും, പിന്നീട് പുറത്തുവന്ന ഇമെയിലുകൾ പരിശോധിച്ചപ്പോൾ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള പദ്ധതികൾ അദ്ദേഹം തയ്യാറാക്കിയിരുന്നതായി വ്യക്തമാകുന്നുണ്ടെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. മുൻ ജീവനക്കാരനായ ബോറിസ് നിക്കോളിച്ചിന് അയക്കാനായി എപ്സ്റ്റീൻ 2013-ൽ തയ്യാറാക്കിയ ഒരു ഇമെയിൽ ഡ്രാഫ്റ്റ് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വഴിവിട്ട ബന്ധങ്ങൾ കാരണം തനിക്ക് ലൈംഗികരോഗം ബാധിച്ചേക്കാമെന്ന ഭയമുണ്ടായിരുന്നുവെന്ന ആരോപണങ്ങൾ ബിൽ ഗേറ്റ്സ് പൂർണ്ണമായി തള്ളി. തനിക്ക് അത്തരം രോഗങ്ങൾ ഉണ്ടായിട്ടില്ലെന്നും ആർക്കും രഹസ്യമായി മരുന്നുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എപ്സ്റ്റീൻ ഒരു കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ ചെന്നു കണ്ടതെന്ന് ബിൽ ഗേറ്റ്സ് സമ്മതിച്ചു. നാല് വർഷത്തിനിടയിൽ 12 മുതൽ 14 തവണ വരെ നേരിട്ടും, രണ്ടുതവണ വിഡിയോ കോളിലൂടെയും എപ്സ്റ്റീനെ സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ആ തീരുമാനം തന്റെ ജീവിതത്തിലെ വലിയൊരു തെറ്റായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു.




