Spotlight

‘ഹിജാബ് മാറ്റിയില്ലെങ്കില്‍ മരുന്ന് നല്‍കില്ല’; ആശുപത്രിയില്‍ യുവതിക്ക് മരുന്ന് നിഷേധിച്ചതായി പരാതി

ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ ഉത്തർപ്രദേശിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് തനിക്ക് മരുന്ന് നിഷേധിച്ചതായി യുവതിയുടെ പരാതി. ആശുപത്രി ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നും, തലയിലെ ഹിജാബ് മാറ്റിയാൽ മാത്രമേ മരുന്ന് നൽകൂ എന്ന് ശാഠ്യം പിടിച്ചതായും യുവതി ആരോപിക്കുന്നു. കാൺപൂരിലെ ഉർസല ഹോർസ്മാൻ മെമ്മോറിയൽ ആശുപത്രിയിലാണ് ഈ സംഭവം നടന്നത്.

തനിക്കുണ്ടായ ദുരനുഭവം യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും വലിയ വിവാദമായതും. ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാനായി താൻ കൗണ്ടറിലേക്ക് ചെന്നപ്പോൾ ജീവനക്കാർ മരുന്ന് തരാൻ വിസമ്മതിച്ചെന്നും, ഹിജാബ് മാറ്റിയാലേ മരുന്ന് തരൂ എന്ന് പരസ്യമായി പറഞ്ഞെന്നുമാണ് യുവതി വ്യക്തമാക്കിയത്. ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് പോലും ഇത്തരം വിവേചനം നേരിടേണ്ടി വന്നത് കടുത്ത സങ്കടമുണ്ടാക്കുന്നതാണെന്ന് യുവതി പറഞ്ഞു.

മരുന്ന് ലഭിക്കുന്നതിനായി ഒരു മണിക്കൂറോളം താൻ ക്യൂവിൽ കാത്തുനിന്ന ശേഷമാണ് ജീവനക്കാരിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണമുണ്ടായതെന്നും യുവതി കൂട്ടിച്ചേർത്തു. അതേസമയം, ആശുപത്രി പരിസരത്ത് മോഷണം വ്യാപകമായതിനാലാണ് സുരക്ഷ മുൻനിർത്തി ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടതെന്നാണ് അധികൃതർ യുവതിയോട് വിശദീകരിച്ചത്.

എന്നാൽ, ഈ നടപടി മുസ്ലിം ജനവിഭാഗങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് യുവതി ആരോപിച്ചു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നോട് ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. ചികിത്സയും മരുന്നും നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും, കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നും കാണിച്ച് യുവതി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *