9 ഭാഷകളിൽ സ്വന്തമായി വിവാഹ പരസ്യം നൽകി വധുവിനായി കാത്തിരിക്കുകയാണ് കാസർകോട് സി- മെറ്റ് നഴ്സിങ് കോളേജിലെ അസോഷ്യേറ്റ് പ്രൊഫസറായ കെ. കെ. അജിത്ത്. 14 വർഷം മുൻപ് വിവാഹാലോചനകൾ തുടങ്ങിയെങ്കിലും ഒന്നും ശരിയാകാതെ വന്നതോടെയാണ് തെരുവുകളിൽ പോസ്റ്ററുകൾ പതിപ്പിക്കാൻ ഈ അധ്യാപകൻ തീരുമാനിച്ചത്. പരസ്യം കണ്ട് അനുയോജ്യയായ ആരെങ്കിലും മുന്നോട്ട് വന്നാൽ തനിക്കതൊരു വലിയ കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
അഞ്ച് ബിരുദാനന്തര ബിരുദങ്ങളും സ്ഥിരവരുമാനമുള്ള ജോലിയുമൊക്കെയുണ്ടെങ്കിലും അജിത്തിന് ഇതുവരെ ഒരു ജീവിതപങ്കാളിയെ കണ്ടെത്താനായിട്ടില്ല. കൂടുതൽ പഠിച്ചതുകൊണ്ട് ഭ്രാന്തായ ആളാണെന്ന് പറഞ്ഞ് ചിലരൊക്കെ പിന്മാറിയ അനുഭവവുമുണ്ട്. ഇതിനിടെ, വിവാഹം ശരിയാക്കിത്തരാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ച മാരേജ് ബ്യൂറോകൾക്കെതിരെ അജിത്ത് നിയമപോരാട്ടവും നടത്തി. ഇതിൽ ചില ബ്യൂറോകൾ ക്ഷമാപണം നടത്തുകയും ചിലർ നഷ്ടപരിഹാരം നൽകുകയുമുണ്ടായി.
ബ്രോക്കർമാരും മാരേജ് ബ്യൂറോകളും ചതിച്ചതോടെയാണ് അജിത്ത് നേരിട്ട് രംഗത്തിറങ്ങിയത്. മലയാളം ഉൾപ്പെടെ 9 ഭാഷകളിൽ തയ്യാറാക്കിയ പോസ്റ്ററുകൾ കണ്ണൂരിലും കാസർകോട്ടുമുള്ള പ്രധാന വൈദ്യുത തൂണുകളിൽ പതിപ്പിച്ചു. വിവാഹം ഉറപ്പിച്ചു നൽകുന്നവർക്ക് ഇരുപതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മകന്റെ വിവാഹം കാണാനാകാതെ കഴിഞ്ഞവർഷം പിതാവ് മരണപ്പെട്ടിരുന്നു. ഇനിയെങ്കിലും തനിക്കൊപ്പം ജീവിക്കാൻ ഒരു പെൺകുട്ടി എത്തുമെന്ന പ്രതീക്ഷയിലാണ് ഈ 43-കാരൻ.




