Crime

അച്ഛൻ ഫാനിൽ തൂങ്ങിനിൽക്കുന്നത് മൊബൈലില്‍ പകർത്തി മകന്‍ , നിലവിളിച്ച് ഭാര്യ …; 36–കാരന്റെ മരണത്തില്‍ ദുരൂഹത

ഗുരുഗ്രാമിലെ സൂരത് നഗറിലെ വസതിയിൽ 36 വയസ്സുകാരനായ സഞ്ജീവ് യാദവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബഹുരാഷ്ട്ര കമ്പനിയിൽ അസോസിയേറ്റ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അമൃത്സർ സ്വദേശിയായ ഇയാൾ കുടുംബത്തോടൊപ്പമാണ് ഇവിടെ കഴിഞ്ഞിരുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവാഹമോചനം ആവശ്യപ്പെട്ടിരുന്ന ഭാര്യയുമായി സഞ്ജീവ് നിരന്തരം തർക്കത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വ്യാഴാഴ്ച മൃതദേഹം കണ്ടെത്തുന്ന സമയത്ത് ഭാര്യ മൻപ്രീത് കൗറും ഏഴു വയസ്സുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ ഫാനിൽ തൂങ്ങുന്നത് കണ്ട കുട്ടി ആ ദൃശ്യം ഫോണിൽ പകർത്തിയെന്നും, മൃതദേഹം താഴെയിറക്കാൻ ഭാര്യ ബഹളം വെക്കുകയായിരുന്നുവെന്നുമാണ് വിവരങ്ങൾ. ഇതിനുശേഷം മൻപ്രീത് ഇരുവീട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

സഞ്ജീവ് ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നും ഭാര്യയുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സഹോദരി കിരൺ ആരോപിക്കുന്നു. 100 കിലോയിലേറെ ഭാരമുള്ള സഹോദരൻ ഫാനിൽ തൂങ്ങിനിൽക്കുന്ന വിഡിയോ സംശയമുണർത്തുന്നതാണെന്നും അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ദമ്പതികൾ തമ്മിൽ മുൻപേ വഴക്കുണ്ടായിരുന്നുവെന്നും, മറ്റുള്ളവരുമായി ചേര്‍ന്ന് മരുമകൾ മകനെ അപായപ്പെടുത്തിയതാണെന്നുമാണ് പിതാവ് രാംസേവക് യാദവിൻ്റെ ആരോപണം.

അംബാല സ്വദേശിയായ മൻപ്രീതും സഞ്ജീവും പ്രണയിച്ച് 2018 ഏപ്രിൽ 29-നാണ് വിവാഹിതരായത്. ഗുരുഗ്രാമിലെ ‘ഡെൻസോ’ കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടർന്ന് ഗുരുഗ്രാമിൽ താമസമാക്കിയ ഇവർക്ക് 2019-ൽ മകൻ ജനിച്ച ശേഷമാണ് മൻപ്രീത് ജോലി ഉപേക്ഷിച്ചത്. നിലവിൽ കസ്റ്റഡിയിലുള്ള ഭാര്യക്കെതിരെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടരനടപടികൾ സ്വീകരിക്കുമെന്ന് സബ് ഇൻസ്പെക്ടർ മഹേന്ദർ സിങ് വ്യക്തമാക്കിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *