Spotlight

ഈദിനോടനുബന്ധിച്ച് ‘രക്തഹോളി’ ഭീഷണി; ഡല്‍ഹിയിലെ ഉത്തംനഗറില്‍ കുടുംബങ്ങള്‍ കുടിയൊഴിയുന്നു

ന്യൂഡല്‍ഹി: ഉത്തംനഗറിലെ ഹസ്‌ത്സാല്‍ ഗ്രാമവും ജെ.ജെ കോളനിയും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഈദ്‌-ഉല്‍-ഫിതര്‍ ആഘോഷം ഭീതിയുടെ നിഴലില്‍. ‘ഖൂന്‍ കി ഹോളി’ (രക്‌തഹോളി) ഭീഷണിയെത്തുടര്‍ന്ന്‌ നിരവധി മുസ്ലിം കുടുംബങ്ങള്‍ ഇവിടെനിന്നു പലായനം ചെയ്യുന്നു. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചിരുന്നവരാണു കൂട്ടത്തോടെ പ്രദേശം വിടുന്നത്‌.
ഹോളി ആഘോഷത്തിനിടെ രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ്‌ നിലവിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം. മാര്‍ച്ച്‌ നാലിന്‌ പതിനൊന്നുകാരി ബലൂണ്‍ എറിഞ്ഞതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം പിന്നീട്‌ വന്‍ സംഘര്‍ഷമായി മാറുകയായിരുന്നു. കലാപം തരുണ്‍ കുമാര്‍ (26) എന്ന യുവാവിന്റെ മരണത്തില്‍ കലാശിച്ചതോടെ രംഗം വഷളായി. സംഭവവുമായി ബന്ധപ്പെട്ട്‌ 14 പേര്‍ അറസ്‌റ്റിലായിട്ടുണ്ട്‌. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ കസ്‌റ്റഡിയിലുമെടുത്തു.

സംഭവത്തെ പുറത്തുനിന്നുള്ളവരും തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളും ദുരുപയോഗം ചെയ്യുന്നതായി പ്രാദേശിക മുസ്ലിം സമൂഹം ആരോപിക്കുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പകരം മുസ്ലിം സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്താനും ശിക്ഷിക്കാനുമാണു ശ്രമമെന്നാണ്‌ ആക്ഷേപം.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രകോപനപരമായ വീഡിയോകളും പ്രാദേശിക യോഗങ്ങളിലെ വിദ്വേഷ പ്രസംഗങ്ങളും പ്രദേശത്ത്‌ കൂടുതല്‍ ഭീതി പരത്തുന്നുണ്ട്‌. ഈദിന്‌ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും അന്നേദിവസം ‘രക്‌തഹോളി’ നടത്തുമെന്നും ചിലര്‍ ഭീഷണി മുഴക്കിയതാണ്‌ ആശങ്ക വര്‍ധിപ്പിക്കുന്നത്‌. ചെറിയ തര്‍ക്കംപോലും വലിയ സംഘര്‍ഷമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഈദ്‌ ആഘോഷം ബന്ധുവീട്ടിലാക്കിയതായി പ്രദേശം വിട്ടുപോകുന്ന ചിലര്‍ അറിയിച്ചു.

ഈദിനൊപ്പം ഹോളി ആഘോഷങ്ങള്‍ നടത്തുമെന്ന അറിയിപ്പുമായി ഇതിനിടെ ചില പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ജെ.ജെ കോളനിയിലെ ഈദ്‌ഗാഹില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവരെ ലക്ഷ്യമിട്ടുള്ള പ്രകോപനമാണിതെന്നാണ്‌ ആരോപണം.”സംഭവിച്ചത്‌ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്‌. അതിനു മതവുമായി ഒരു ബന്ധവുമില്ല. എന്നാല്‍ അതിന്റെ വില മുഴുവന്‍ സമൂഹവും നല്‍കുകയാണ്‌. സംഭവവുമായി ബന്ധമില്ലാത്തവര്‍ സാഹചര്യം വഷളാക്കാന്‍ ശ്രമിക്കുന്നു. ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നാണ്‌ ആഗ്രഹം.” പ്രദേശവാസികള്‍ വ്യക്‌തമാക്കി.സ്‌ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ പോലീസ്‌ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രദേശത്തെ ഭീതിയും അനിശ്‌ചിതത്വവും തുടരുകയാണ്‌.