Featured Spotlight

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; പരുക്ക്‌ നിസാരമല്ലേയെന്ന്‌ കോടതി, പൊലിപ്പിച്ച് എഴുതിയ പരാതി ? തെളിവായി പോലീസ്‌ വീഡിയോ വേണം

ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കിടെ, ആലപ്പുഴയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്മാർ മർദിച്ച കേസിൽ കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ട് കോടതി. കേസിലെ ഫോറൻസിക് റിപ്പോർട്ടും ഒപ്പം പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ദൃശ്യങ്ങളുണ്ടെങ്കിൽ അവയും ഹാജരാക്കാൻ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു.

വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയത് അഭിഭാഷക സഹായത്തോടെ പൊലിപ്പിച്ച് എഴുതിയ പരാതിയാണെന്നും കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം.

പൊലീസ് ഫോട്ടോഗ്രാഫർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായി റിപ്പോർട്ടിലുണ്ടെന്ന് പ്രതിഭാഗമാണ് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. അങ്ങനെയാണെങ്കിൽ നിലവിൽ കോടതിയിൽ ഹാജരാക്കിയത് ഏത് ദൃശ്യങ്ങളാണെന്നും പൊലീസ് ചിത്രീകരിച്ച യഥാർത്ഥ ദൃശ്യങ്ങൾ എവിടെയാണെന്നും കോടതി ചോദിച്ചു. എന്നാൽ അവ ലഭ്യമല്ലെന്നായിരുന്നു പ്രോസിക്യൂഷൻ നൽകിയ മറുപടി. ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിച്ചതായി കരുതണോ എന്ന് ചോദിച്ച കോടതി, പൊലീസ് പകർത്തിയവ ഉണ്ടെങ്കിൽ അത് കാണണമെന്നും വ്യക്തമാക്കി.

മർദനമേറ്റവരുടെ പരുക്കുകൾ നിസാരമല്ലേയെന്നും സുരക്ഷാജീവനക്കാർക്ക് അനുവദിച്ച വസ്തുക്കൾ മാത്രമല്ലേ മർദനത്തിന് ഉപയോഗിച്ചുള്ളൂ എന്നും കോടതി ചോദിച്ചു. പരുക്കുകൾ നിസാരമല്ലേയെന്ന കോടതിയുടെ ചോദ്യത്തോട് വളരെ വൈകാരികമായാണ് വാദിഭാഗം പ്രതികരിച്ചത്.

കോടതി ഇതൊന്നും കാണുന്നില്ലേയെന്നും ഇത്തരം നിരീക്ഷണങ്ങൾ വിഷമകരമാണെന്നുമായിരുന്നു വാദിഭാഗത്തിന്റെ മറുപടി. എന്നാൽ വിഐപി സുരക്ഷ എന്നത് ഗൺമാൻമാരുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കുക മാത്രമാണ് അവർ ചെയ്തതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കേസ് പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തലുകളെ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്തു. മേയ് 30-ന് രാവിലെയാണ് വധശ്രമത്തിന് തുല്യമായ ഐപിസി 308-ാം വകുപ്പ് ചുമത്തിയെന്ന റിപ്പോർട്ട് പൊലീസ് നൽകിയത്. എന്നാൽ മർദ്ദനത്തിന് ഉപയോഗിച്ച ആയുധം പരിശോധിച്ചതും മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതും അന്ന് വൈകിട്ടാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആയുധ പരിശോധനയും മെഡിക്കൽ റിപ്പോർട്ടും വൈകിട്ടാണ് നടന്നതെങ്കിൽ, എങ്ങനെയാണ് അതിന് മുൻപ് രാവിലെ തന്നെ ഈ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ഹാജരാക്കാൻ കഴിയുകയെന്ന് പ്രതിഭാഗം ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലെ ഈ വലിയ വൈരുദ്ധ്യത്തെയാണ് പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്തത്.

ഇതോടൊപ്പം 2011-ലെ ഒരു സർക്കാർ സർക്കുലറും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിക്ക് നേരെ സുരക്ഷാ ഭീഷണി ഉണ്ടായാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വാഹനത്തിൽ നിന്ന് ഇറങ്ങാമെന്നും അക്രമികളെ നേരിടാമെന്നും ഈ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ‘പ്രതിഷേധക്കാർ നവകേരള ബസിനെ നിരന്തരം പിന്തുടരുകയായിരുന്നു. പലയിടങ്ങളിലും വലിയ പ്രതിഷേധങ്ങൾ ഉണ്ടായി. അവർ വാഹനത്തിന് തൊട്ടടുത്ത് വരെ എത്തി. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായിരുന്നു അവിടെ മുൻഗണന. മുഖ്യമന്ത്രി ആ സമയം വലിയ സുരക്ഷാഭീഷണി നേരിട്ടതിനാലാണ് ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണം നടത്തിയത്’, പ്രതിഭാഗം വാദിച്ചു.

നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിക്ക് കടുത്ത സുരക്ഷാ ഭീഷണി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന അന്നത്തെ ഇന്റലിജൻസ് റിപ്പോർട്ടും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. ഗൺമാന്മാർ നടപടിയെടുക്കുന്നതിന് തൊട്ടുമുൻപും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയിലായിരുന്നു. മർദ്ദനത്തിനായി യാതൊരുവിധ മാരകായുധങ്ങളും ഉപയോഗിച്ചിട്ടില്ല. പൊലീസ് സേനയുടെ ഭാഗമായ ലാത്തി മാത്രമാണ് ഉപയോഗിച്ചത്. പരുക്കേറ്റത് നെറ്റിയുടെ ഭാഗത്താണ്, തലയിലെ മാരകമായ മർമ്മഭാഗങ്ങളിലല്ല അടി ഏറ്റതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *