തിരുവനന്തപുരം: നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ ഹസീന ബീവി(36)യെ ഭർത്താവ് സുരേഷ് (46) കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി മണ്ണന്തല പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ഈ ദാരുണ സംഭവം നടക്കുന്നത്. നാല് മക്കളും ഹസീനയുടെ അമ്മയും വീട്ടിലുള്ളപ്പോഴാണ് കൊലപാതകം നടന്നത്.
കുടുംബകലഹവും സുരേഷിന്റെ സംശയരോഗവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുരേഷും ഹസീനയും നാല് മക്കളുമടങ്ങുന്ന കുടുംബം നാല് മാസം മുൻപാണ് ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ദമ്പതികൾക്കിടയിൽ മുൻപും നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
ഭർത്താവുമായി പിണങ്ങി ഹസീന ഏതാനും ദിവസങ്ങൾക്ക് മുൻപ് വീടുവിട്ടുപോയിരുന്നു. തുടർന്ന് സുരേഷ് പൊലീസിൽ പരാതി നൽകുകയും ഇരുവരെയും മണ്ണന്തല പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയതിനെത്തുടർന്ന് ഹസീന അമ്മയ്ക്കും മക്കൾക്കൊപ്പം കഴിഞ്ഞ രണ്ടാം തീയതി വൈകിട്ടോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.
ഹസീന വീട്ടിലില്ലാതിരുന്നതിനാൽ സ്കൂൾ തുറന്നിട്ടും കുട്ടികൾക്ക് പഠിക്കാൻ പോകാൻ കഴിഞ്ഞിരുന്നില്ല. അമ്മ തിരിച്ചെത്തിയതോടെ ഇന്നലെ സ്കൂളിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു നാല് മക്കളും. എന്നാൽ പുലർച്ചെയോടെ ദമ്പതികൾ തമ്മിൽ വീണ്ടും കടുത്ത വാക്കുതർക്കമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വഴക്കിനിടെ സുരേഷ് കറിക്കത്തി ഉപയോഗിച്ച് ഹസീനയുടെ കഴുത്തറുക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
കൊലപാതകത്തിന് ശേഷം ഉപയോഗിച്ച കത്തി ശുചിമുറിയിൽ കഴുകി വൃത്തിയാക്കിയ പ്രതി കാറിൽ കയറി രക്ഷപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മുകളിലത്തെ നിലയിൽ നിന്ന് ബഹളം കേട്ടാണ് കുട്ടികൾ ഉണർന്നത്. മുറിക്കകത്ത് കയറി നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണ് അവർ കണ്ടത്. തുടർന്ന് പത്താം ക്ലാസിൽ പഠിക്കുന്ന മകൻ പൊലീസിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഹസീനയുടെ സഹോദരൻ വിവരമറിഞ്ഞ് എത്തിയതിന് പിന്നാലെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി.
മണ്ണന്തല പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന സുരേഷിനെ കണ്ടെത്താൻ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നാല് മക്കളും നിലവിൽ ബന്ധുക്കളുടെയും പൊലീസിന്റെയും സംരക്ഷണത്തിലാണ് കഴിയുന്നത്.




