സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖയായ കങ്കണ റണാവത് വീണ്ടും ഓൺലൈനിൽ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ഭാരത് ഭാഗ്യ വിധാതാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ, വർഷങ്ങളായി താൻ കൂടെക്കരുതുന്ന ഒരു വെള്ളി ഗ്ലാസിൽ നിന്ന് അവർ വെള്ളം കുടിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ആയുർവേദ ജീവിതശൈലിയുമായി ബന്ധപ്പെടുത്തി തന്റെ ഈ ശീലത്തിന് പിന്നിലെ കാരണം കങ്കണ മുൻപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മുൻപ് ഒരു അഭിമുഖത്തിൽ കങ്കണ ഈ വെള്ളി ഗ്ലാസിനെക്കുറിച്ച് ഇത് തന്റെ പക്കലുള്ള വളരെ പഴയൊരു ഗ്ലാസാണെന്ന് പറയുകയും ചെയ്തിരുന്നു. ശരീരത്തിൽ ‘പിത്ത ദോഷം’ കൂടുതലുള്ളവർക്ക് തണുപ്പ് നൽകാൻ വെള്ളിയുടെ ഉപയോഗം സഹായിക്കുമെന്നാണ് കങ്കണ വിശ്വസിക്കുന്നത്.
ആയുർവേദ തത്ത്വങ്ങൾ അനുസരിച്ച് ശരീരത്തിലെ ചൂട്, ഉപാപചയ പ്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് പിത്ത ദോഷം. വെള്ളി പാത്രത്തിൽ സൂക്ഷിക്കുന്ന വെള്ളം കുടിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകാനും പിത്ത ദോഷം നിയന്ത്രിക്കാനും സഹായിക്കുമെന്ന് പ്രശസ്ത ആയുർവേദ വിദഗ്ധർ വ്യക്തമാക്കുന്നു.
വെള്ളിക്ക് സ്വാഭാവികമായും തണുപ്പ് നൽകാനുള്ള ഗുണമുണ്ട്. ഇത് ശരീരത്തിലെ അമിതമായ ചൂട്, വീക്കം, ദഹനപ്രക്രിയയിലെ അമിത ആയാസം എന്നിവ കുറയ്ക്കാൻ സഹായിച്ചേക്കുമത്രേ. വെള്ളി പാത്രത്തിലെ വെള്ളം ശരീരത്തിന് തണുപ്പും മാനസികമായ ശാന്തതയും നൽകുന്നതോടൊപ്പം സുഖകരമായ ദഹനത്തിനും സഹായിക്കുമെന്നാണ് ആയുർവേദം പറയുന്നത്. ശരീരം മൊത്തത്തിൽ ശുദ്ധീകരിക്കാനും ഉന്മേഷം നൽകാനും പണ്ടുകാലം തൊട്ടേ വെള്ളി ഉപയോഗിച്ചുവരുന്നുണ്ട്. എങ്കിലും ആയുർവേദം എപ്പോഴും ഒരു പ്രത്യേക പാത്രത്തേക്കാൾ വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതശൈലിക്കാണ് പ്രാധാന്യം നൽകുന്നത്.
ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തിൽ, വെള്ളിക്ക് സ്വാഭാവികമായി അണുക്കളെ നശിപ്പിക്കാനുള്ള (antimicrobial) ശേഷിയുണ്ട്. അതുകൊണ്ടുതന്നെ പാത്രങ്ങളുടെ ഉപരിതലത്തിൽ ബാക്ടീരിയകളും മറ്റ് സൂക്ഷ്മാണുക്കളും വളരുന്നത് തടയാൻ ഇത് സഹായിക്കും. പണ്ടുകാലം മുതൽക്കേ ഇന്ത്യൻ വീടുകളിൽ വെള്ളി പാത്രങ്ങൾ ഉപയോഗിച്ചുവരുന്നതിന് പിന്നിലെ ശാസ്ത്രീയ കാരണവും ഇതുതന്നെയാണ്. എന്നാൽ ഇതിന് അമിതമായ ഗുണങ്ങളുണ്ടെന്ന് കരുതരുതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
വെള്ളി ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്നത് ഒരിക്കലും ശുദ്ധീകരിച്ച സുരക്ഷിതമായ കുടിവെള്ളത്തിന് പകരമാകില്ല. വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന വെള്ളിയുടെ അളവ് വളരെ കുറവായതിനാൽ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങളും പരിമിതമായിരിക്കും. വെള്ളി ഗ്ലാസിലെ വെള്ളം കുടിച്ചതുകൊണ്ട് മാത്രം രോഗപ്രതിരോധ ശേഷി കൂടുമെന്നോ ദഹനം മെച്ചപ്പെടുമെന്നോ രോഗങ്ങൾ ഭേദമാകുമെന്നോ ഉള്ളതിന് ശാസ്ത്രീയ തെളിവുകളില്ല. അതുകൊണ്ട് ഏത് പാത്രം ഉപയോഗിക്കുന്നു എന്നതിനേക്കാൾ ശുദ്ധവും സുരക്ഷിതവുമായ വെള്ളം കുടിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാണ് നമ്മൾ പ്രാധാന്യം നൽകേണ്ടത്.




