ഗുവാഹത്തി∙ ഓടുന്ന കാറിൽ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. സംശയാസ്പദമായ രീതിയിൽ ഓടിയ കാർ നാട്ടുകാർ തടഞ്ഞുനിർത്തിയതോടെയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. അർധനഗ്നയായ അവസ്ഥയിലാണ് നാട്ടുകാർ കുട്ടിയെ കണ്ടെത്തിയത്.
വാഹനത്തിലുണ്ടായിരുന്ന പലരും തന്നെ ക്രൂരമായി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ തന്ന കാറിൽ കയറ്റിയതെന്നും അതിനുശേഷമാണ് കൂട്ടബലാത്സംഗം ചെയ്തതെന്നും പെൺകുട്ടി വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതായി ബിശ്വനാഥ് അഡീഷനൽ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി അറിയിച്ചു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം തുടങ്ങിയ കടുത്ത വകുപ്പുകൾ ചുമത്തിയുമാണ് കേസ് എടുത്തിരിക്കുന്നത്.




