Crime

സ്കൂട്ടർ പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയെ നിരന്തരം പീഡനത്തിനിരയാക്കി; പ്രമുഖ ജ്വല്ലറി ഉടമ അറസ്റ്റിൽ

കാൻപുർ∙ ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ ജൂവലറി ഉടമ അറസ്റ്റില്‍. കാൺപുർ സ്വദേശിയായ അശോക് കുമാർ രസ്തോഗിയാണ് പിടിയിലായത്. തന്റെ സ്ഥാപനത്തിൽ ജോലിക്കായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കാൻപുരിൽ ‘അശോക ജുവലേഴ്സ്’ എന്ന പേരിൽ ഒന്നിലധികം സ്വർണക്കടകൾ നടത്തുന്ന വ്യക്തിയാണ് അശോക്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഷോറൂമിലാണ് പെൺകുട്ടി ജോലിക്ക് ചേർന്നിരുന്നത്.

ഒരു ദിവസം സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞ് ഇയാൾ പെൺകുട്ടിയെ തന്റെ ഫാംഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ വീട്ടിൽനിന്ന് കടയിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ വാഹനം ഓടിക്കാൻ അറിയുന്നത് അത്യാവശ്യമാണെന്നും, പഠിച്ചു കഴിഞ്ഞാൽ സ്കൂട്ടർ വാങ്ങിനൽകാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ വിശ്വസിപ്പിച്ചത്. എന്നാൽ ഫാംഹൗസിലെത്തിയ ശേഷം ഇയാൾ കുട്ടിയെ തടഞ്ഞു നിർത്തുകയും ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

ഈ വിവരം പുറത്തുപറഞ്ഞാൽ പെൺകുട്ടിയുടെ കുടുംബത്തെ മുഴുവൻ ജയിലിലാക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഈ പേടിപ്പിക്കൽ തുടർന്ന് പിന്നീട് പലതവണയായി ഇയാൾ കുട്ടിയെ ഫാംഹൗസിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. സ്വർണക്കടയുടെ പിന്നിലുള്ള മുറിയിൽ വെച്ചും അശോക് തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഒടുവിൽ ഭീഷണി സഹിക്കാനാകാതെ വന്നതോടെ കുട്ടി താൻ നേരിടുന്ന ക്രൂരതകളെക്കുറിച്ച് പിതാവിനോട് പറയുകയും, കുടുംബം പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ അശോകിനെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണ് പ്രതിയായ അശോക്. മുൻപ് ഇയാളുടെ കടയിൽ ജോലിക്കുനിന്നിരുന്ന പഞ്ചാബ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒൻപത് മാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി നിൽക്കുമ്പോഴാണ് ഇയാൾ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *