Crime

‘ഞാൻ ശിവന്റെ അവതാരം, നീ എന്റെ ‘പാർവതി’’, പറഞ്ഞു പറ്റിച്ച് 35കാരിയെ പീഡിപ്പിച്ചു, നഗ്നദൃശ്യം പകര്‍ത്തി; ആൾദൈവം അറസ്റ്റില്‍

മഹാരാഷ്ട്രയിലെ പാൽഘറിൽ താൻ ശിവന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് 35 വയസ്സുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിലായി. ഋഷികേശ് വൈദ്യ എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

പൂനെ സ്വദേശിയായ യുവതി 2023-ൽ ഫേസ്ബുക്ക് വഴിയാണ് ഇയാളെ പരിചയപ്പെടുന്നത്. തുടർന്ന് ഡിസംബറിൽ ഇയാൾ യുവതിയെ നേരിട്ട് കാണുകയും താൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ ‘പാർവതി’യാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

പീഡന ദൃശ്യങ്ങൾ യുവതി അറിയാതെ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, ഇത് കാണിച്ച് ഭീഷണിപ്പെടുത്തി കഴിഞ്ഞ മേയ് മാസത്തിൽ വീണ്ടും ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുന്ന ഈ നഗ്നചിത്രങ്ങൾ കണ്ടെത്തി നശിപ്പിക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

നാസിക്കിൽ അശോക് ഖരത്ത് എന്ന മറ്റൊരു ആൾദൈവം അറസ്റ്റിലായ വാർത്ത കണ്ട ശേഷമാണ് പരാതി നൽകാൻ തനിക്ക് ധൈര്യം ലഭിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. പാൽഘറിൽ ഒരു സാമൂഹിക സംഘടന നടത്തിവരികയായിരുന്നു പിടിയിലായ ഋഷികേശ് വൈദ്യ.