സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും വളർച്ച തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ കാലഘട്ടത്തിൽ, കേരളത്തിലെ യുവാക്കൾക്ക് നാട്ടിൽ തന്നെ മികച്ച വരുമാനമുള്ള ജോലികൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസം നേടിയ യുവജനങ്ങൾക്ക് വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ പോകാതെ തന്നെ സ്വന്തം നാട്ടിൽ തൊഴിൽ ചെയ്യാൻ ഇന്ന് നിരവധി അവസരങ്ങളുണ്ട്. ഇതിനായി നൈപുണ്യ പരിശീലന പരിപാടികൾക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.
ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനത്തിന്റെ വൻ വർധനവുണ്ടായിട്ടുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഈ വളർച്ച പ്രധാനമായും ദൃശ്യമാകുന്നത്. കേരളത്തിന്റെ ഗ്രാമീണ മേഖലകളിലേക്ക് പോലും ഇപ്പോൾ വലിയ കമ്പനികൾ എത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിന് ഉദാഹരണമാണ് പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ കോർപ്പറേഷൻ കൊട്ടാരക്കരയിൽ തങ്ങളുടെ കേന്ദ്രം ആരംഭിച്ചത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കിൻഫ്ര വികസിപ്പിച്ച പാർക്കിൽ ആഗോള ഇലക്ട്രോണിക്സ് കമ്പനിയായ കെയ്ൻസ് ടെക്നോളജി തങ്ങളുടെ യൂണിറ്റ് സ്ഥാപിക്കുകയാണ്. അമേരിക്കയിൽ നിന്ന് ഗവേഷണ പ്രൊഫഷണലുകൾ ജോലി ഉപേക്ഷിച്ച് ഇവിടെയെത്തിയത് ശുഭസൂചനയാണ്. ഈ യൂണിറ്റ് പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ 1500 പേർക്ക് ജോലി ലഭിക്കും. കൂടാതെ കാക്കനാട് ഇലക്ട്രോണിക്സ് പാർക്കിൽ വി-ഗാർഡ് തങ്ങളുടെ ഗവേഷണ കേന്ദ്രം ആരംഭിച്ചതും ഇലക്ട്രിക്കൽ മേഖലയിൽ 400 പേർക്ക് തൊഴിൽ സാധ്യത തുറന്നിട്ടുണ്ട്.
കിൻഫ്രയുടെ വിവിധ പാർക്കുകളിലായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27,335 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇത് കിൻഫ്രയുടെ കഴിഞ്ഞ മുപ്പത് വർഷത്തെ ചരിത്രത്തിലെ ആകെ തൊഴിലവസരങ്ങളുടെ 40 ശതമാനത്തോളമാണ്. നിതി ആയോഗിന്റെ റിപ്പോർട്ട് അനുസരിച്ച് സേവനമേഖലയിലെ തൊഴിൽ പങ്കാളിത്തത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ്. വിദ്യാഭ്യാസവും ആരോഗ്യവും വിനോദസഞ്ചാരവും ഈ മേഖലയിൽ പ്രധാന പങ്കുവഹിക്കുന്നു. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും കേരളത്തിൽ തൊഴിലവസരങ്ങൾ ഒരേപോലെ വ്യാപിച്ചു കിടക്കുന്നു.
അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജോലികൾ നാട്ടിലിരുന്ന് തന്നെ ചെയ്യാൻ സഹായിക്കുന്ന ലീപ് സെന്ററുകൾ എഎസ്എപും സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് ഒരുക്കിയിട്ടുണ്ട്. അമേരിക്കയിലെ നികുതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എൻറോൾഡ് ഏജന്റുമാരാകാൻ മലയാളികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികൾ അസാപ് നൽകുന്നു. ഇത്തരം ജോലികളിലൂടെ തുടക്കത്തിൽ 4.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയും പിന്നീട് പരിചയസമ്പന്നരാകുമ്പോൾ 20 ലക്ഷം രൂപ വരെയും വാർഷിക വരുമാനം നേടാൻ സാധിക്കും.
സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികൾ വഴി നൈപുണ്യ വികസന പരിശീലനങ്ങൾ നൽകുന്നതിനൊപ്പം, തൊഴിൽ ദാതാക്കളെയും ഉദ്യോഗാർത്ഥികളെയും ബന്ധിപ്പിക്കാൻ ‘വിജ്ഞാനകേരളം’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. വീടിനടുത്ത് തന്നെ ഇരുന്ന് ജോലി ചെയ്യാൻ സഹായിക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നു. ഇത്തരത്തിൽ യുവാക്കളുടെ നൈപുണ്യവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ സമഗ്രമായ നീക്കങ്ങളാണ് നടക്കുന്നത്.
കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) വഴി അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളാണ് ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കോളേജുകളിൽ സംരംഭകത്വ താല്പര്യം വളർത്താൻ ഐഇഡിസികൾ സജീവമാണ്. മികച്ച ആശയങ്ങളുമായി എത്തുന്നവർക്ക് ഐഡിയ ഫെസ്റ്റ്, വായ്പകൾ, ഗ്രാന്റുകൾ എന്നിവയിലൂടെ സാമ്പത്തിക സഹായം നൽകുന്നു. സ്റ്റാർട്ടപ്പുകൾക്ക് വളരാൻ ആവശ്യമായ മൂലധനം ലഭ്യമാക്കാൻ ‘ഫണ്ട് ഓഫ് ഫണ്ട്സ്’ പോലുള്ള പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.
ലോകോത്തര നിലവാരത്തിലുള്ള കോ-വർക്കിംഗ് സ്പേസുകളും ഇൻകുബേറ്ററുകളും സംരംഭകർക്കായി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ മികച്ച മാർഗ്ഗനിർദ്ദേശങ്ങളും ആഗോള വിപണിയിലേക്കുള്ള പ്രവേശനവും അവർക്ക് ലഭിക്കുന്നു. ഈ പദ്ധതികളിലൂടെ കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ നിന്ന് ലോകോത്തര സംരംഭങ്ങൾ കെട്ടിപ്പടുക്കാനും മികച്ച തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കുന്നു. ഇത് പ്രതിഭകൾ നാടുവിടുന്നത് തടയാനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കാനും സഹായിക്കും.
പ്രധാന ഐടി ഹബ്ബുകൾ
തിരുവനന്തപുരം ടെക്നോപാർക്ക്: ഇന്ത്യയിലെ തന്നെ ആദ്യത്തെയും വലുതുമായ ഐടി പാർക്കുകളിൽ ഒന്നാണിത്. വിദേശ കമ്പനികൾ ഉൾപ്പെടെ നൂറുകണക്കിന് സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.
കൊച്ചി ഇൻഫോപാർക്ക്: സ്മാർട്ട് സിറ്റി കൊച്ചിയോട് ചേർന്ന് കിടക്കുന്ന ഈ കേന്ദ്രം കേരളത്തിലെ രണ്ടാമത്തെ വലിയ ഐടി ഹബ്ബാണ്.
കോഴിക്കോട് സൈബർ പാർക്ക്: വടക്കൻ കേരളത്തിലെ ഐടി വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രമാണിത്.
സ്റ്റാർട്ടപ്പ് മേഖലയിലെ മുന്നേറ്റങ്ങൾ
ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സ് (കൊച്ചി): കളമശ്ശേരിയിലുള്ള ഈ കേന്ദ്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക്നോളജി ഇന്നൊവേഷൻ സോണുകളിൽ ഒന്നാണ്.
മേക്കർ വില്ലേജ്: ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങൾക്കും നിർമ്മാണങ്ങൾക്കുമായി സജ്ജീകരിച്ചിരിക്കുന്ന രാജ്യത്തെ തന്നെ മികച്ച ഹാർഡ്‌വെയർ ഇൻകുബേറ്ററാണിത്.
ഡിജിറ്റൽ സയൻസ് പാർക്ക്: തിരുവനന്തപുരത്ത് പുതുതായി വികസിപ്പിച്ചു വരുന്ന ഈ പാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ് തുടങ്ങിയ നൂതന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കേരളത്തിലെ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ സംരംഭങ്ങൾ തുടങ്ങാൻ ‘സീഡ് ഫണ്ട്’, ‘ഇന്നൊവേഷൻ ഗ്രാന്റ്’ തുടങ്ങിയ സാമ്പത്തിക സഹായങ്ങളും കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി ലഭ്യമാണ്.




