Spotlight

മദ്റസാ ബോർഡ് ചെയർമാൻസ്ഥാനം രാജിവെക്കും; കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗിലേക്ക്, മുഹമ്മദ് റിയാസ് അടക്കമുള്ളവർക്കെതിരെ ചിലതൊക്കെ പറയാനുണ്ടെന്ന്

പത്ത് വർഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ച് മുൻ എം.എൽ.എ കാരാട്ട് റസാഖ് മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക് മടങ്ങി. പാണക്കാട്ടെത്തി ലീഗ് അംഗത്വം സ്വീകരിച്ച അദ്ദേഹം, മദ്റസാ ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുകയാണ് ഇനി ലക്ഷ്യമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവർക്കെതിരെ ചില കാര്യങ്ങൾ വൈകീട്ട് നടക്കുന്ന യു.ഡി.എഫ് കൺവൻഷനിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികരെ ചേർത്തുപിടിക്കാൻ സി.പി.എമ്മിന് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് പലരും പാർട്ടി വിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉപാധികളില്ലാതെയാണ് കാരാട്ട് റസാഖ് മടങ്ങിവന്നതെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അദ്ദേഹത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും തങ്ങൾ അറിയിച്ചു. റസാഖിന്റെ മടങ്ങിവരവ് നിലവിലെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്നും കൂടുതൽ പേർ വരുംദിവസങ്ങളിൽ ലീഗിലെത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.കെ. ഫിറോസ്, എം.കെ. മുനീർ എന്നിവർക്കൊപ്പമാണ് റസാഖ് പാണക്കാട്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കാരാട്ട് റസാഖ് ഔദ്യോഗികമായി ലീഗ് അംഗത്വം എടുത്തത്. ഇതിനു മുന്നോടിയായി ഇന്നലെ തന്നെ ലീഗ് നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. നേരത്തെ തന്നെ എൽ.ഡി.എഫ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാലാണ് അത് നീണ്ടുപോയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ എൽ.ഡി.എഫിന്റെ സീറ്റ് ചർച്ചകളിൽ നിന്ന് അദ്ദേഹം സ്വയം ഒഴിഞ്ഞുമാറുകയായിരുന്നു.

2016-ൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് കാരാട്ട് റസാഖ് ലീഗ് വിട്ട് ഇടത് പക്ഷത്തോടൊപ്പം ചേർന്നത്. അന്ന് കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് യു.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി അദ്ദേഹം അട്ടിമറി വിജയം നേടിയിരുന്നു. എന്നാൽ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടതോടെയാണ് സി.പി.എമ്മുമായി അദ്ദേഹം അകൽച്ചയിലായത്. പ്രതീക്ഷിച്ച കാര്യങ്ങൾ കിട്ടാത്തത് കൊണ്ടാകാം റസാഖ് മടങ്ങിപ്പോയതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.