മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഉച്ചഭക്ഷണത്തിന് ചീരക്കറി ഉണ്ടാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഗർഭിണിയായ ഭാര്യയെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. 25 വയസ്സുകാരിയായ ഷീലാബായ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ചീരയുമായി വീട്ടിലെത്തിയ സുനിലിനോട്, ഭക്ഷണം നേരത്തെ പാകം ചെയ്തതിനാൽ ചീരക്കറി പിന്നീട് ഉണ്ടാക്കാമെന്ന് ഷീല പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.
തുടർന്നുണ്ടായ വഴക്കിനിടെ സുനിൽ ഷീലയെ മുടിയിൽ പിടിച്ചു വലിച്ച് അടുത്തുള്ള വയലിലേക്ക് കൊണ്ടുപോകുകയും കോടാലി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയുമായിരുന്നു. ഷീല സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ സമയത്ത് സുനിലിന്റെ അമ്മയും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നില്ല. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.
Spinachകൊലപാതകത്തിന് ശേഷം സുനിൽ തന്നെ വിവരം ബന്ധുക്കളെ അറിയിച്ചു. അവർ പോലീസിനെ വിളിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഷീലയുടെ വീട്ടുകാർ പ്രകോപിതരാവുകയും സുനിലിനെ വിട്ടുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സുനിലിനെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും സ്ഥലത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു.
ഷീലയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഇരു കുടുംബങ്ങളും തമ്മിൽ മുൻപ് നല്ല ബന്ധത്തിലായിരുന്നുവെങ്കിലും ഈ ക്രൂരമായ കൊലപാതകത്തോടെ അവർ വലിയ ശത്രുതയിലായെന്ന് പോലീസ് വ്യക്തമാക്കി.




