പശ്ചിമേഷ്യൻ സംഘര്‍ഷം ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധനക്കപ്പലുകളുടെ വരവ് പ്രതിസന്ധിയിലായതോടെ ഹോട്ടലുകൾ പൂട്ടുന്നതിനും ഗാര്‍ഹിക പാചകവാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും നാം സാക്ഷ്യം വഹിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാജ്യത്ത് കോണ്ടം ക്ഷാമവും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് വരുന്നത്. യുദ്ധം കാരണം നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതും ഉള്ളവയുടെ വില വർധിച്ചതുമാണ് ഈ മേഖലയെ തളർത്തുന്നത്.
എച്ച്എൽഎൽ ലൈഫ്കെയർ, മാൻകൈൻഡ് ഫാർമ, ക്യുപിഡ് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കൾ സിലിക്കൺ ഓയിലിന്റെ ക്ഷാമത്തെക്കുറിച്ചും അമോണിയയുടെ അമിത വിലയെക്കുറിച്ചും ആശങ്ക പങ്കുവെക്കുന്നു. റബ്ബർ പാൽ കേടുകൂടാതെ സൂക്ഷിക്കാനും അതിലെ പ്രോട്ടീൻ നീക്കം ചെയ്യാനും അമോണിയ അത്യാവശ്യമാണ്. അതുപോലെ കോണ്ടത്തിൽ ലൂബ്രിക്കന്റായി ഉപയോഗിക്കുന്നത് സിലിക്കൺ ഓയിലാണ്. ഇവയുടെ വിതരണം തടസ്സപ്പെട്ടത് ഉൽപ്പാദനത്തെ പ്രതിസന്ധിയിലാക്കുന്നു.
ഇവ കൂടാതെ പാക്കിങ്ങിന് ആവശ്യമായ അലുമിനിയം ഫോയിൽ, പോളി വിനൈൽ ക്ലോറൈഡ്, മറ്റ് രാസവസ്തുക്കൾ എന്നിവ കിട്ടാനും നിലവിൽ വലിയ പ്രയാസമാണ്. അമോണിയയുടെ വില മാത്രം പകുതിയോളം വർധിക്കുമെന്നാണ് കരുതുന്നത്. സിലിക്കൺ ഓയിലിന്റെ വിലയാകട്ടെ താങ്ങാവുന്നതിലും അപ്പുറമായിക്കഴിഞ്ഞു. ഈ അധികച്ചെലവുകൾ വരുംദിവസങ്ങളിൽ കോണ്ടത്തിന്റെ വിപണി വിലയിൽ വലിയ വർധനവുണ്ടാക്കാൻ കാരണമാകുമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.
ഏകദേശം 1.7 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഇന്ത്യയിലെ കോണ്ടം വിപണി. ഇതിനാവശ്യമായ അമോണിയയുടെ സിംഹഭാഗവും സൗദി, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. യുദ്ധം നീണ്ടുപോകുന്നതോടെ കടൽമാർഗ്ഗമുള്ള ചരക്കുനീക്കം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വില കൂടുന്നത് ആളുകൾ കോണ്ടം ഉപയോഗിക്കുന്നത് കുറയ്ക്കാൻ ഇടയാക്കുമെന്നും ഇത് ജനസംഖ്യാ വർധനവിനും ലൈംഗിക രോഗങ്ങൾ പടരാനും കാരണമാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.




