ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ ഇംഗ്ലണ്ട് മുൻ താരം ഡൊമിനിക് കോർക്കിനെ മുൻ പാക്ക് സ്പിന്നർ മുഷ്താഖ് അഹമ്മദ് അപമാനിച്ചതായി പരാതി ഉയരുന്നു. ഗ്രൗണ്ടിൽ അവതാരകനായി എത്തിയ കോർക്കിനോട് മുഷ്താഖ് അഹമ്മദ് അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കളിച്ചിരുന്ന കാലത്ത് ഞാൻ നിങ്ങളെ എത്ര തവണ പുറത്താക്കിയിട്ടുണ്ടെന്നും അക്കാര്യം ഓർമ്മയുണ്ടോ എന്നും മുഷ്താഖ് അഹമ്മദ് പരസ്യമായി ചോദിക്കുകയായിരുന്നു.
കോർക്കിന്റെ വിക്കറ്റ് താൻ പലതവണ വീഴ്ത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാനാണ് മുഷ്താഖ് അഹമ്മദ് ശ്രമിച്ചത്. എന്നാൽ തന്റെ കരിയറിൽ ഒരേയൊരു തവണ മാത്രമാണ് മുഷ്താഖ് തന്നെ പുറത്താക്കിയതെന്ന് കോർക്ക് മറുപടി നൽകി. വിഷയം മാറ്റാൻ ഇംഗ്ലിഷ് താരം ശ്രമിച്ചെങ്കിലും പാക്ക് മുൻ താരം തന്റെ വാദത്തിൽ തന്നെ ഉറച്ചുനിൽക്കുകയും ചോദ്യങ്ങൾ ആവർത്തിക്കുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള ഈ സംഭാഷണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിഥിയായി എത്തിയ താരത്തോട് മുഷ്താഖ് അഹമ്മദ് അനാദരവോടെയാണ് പെരുമാറിയതെന്നാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്. തന്നെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി പിച്ചിനെക്കുറിച്ച് വിശകലനം ചെയ്യാൻ കോർക്ക് ആവശ്യപ്പെട്ടതോടെയാണ് ഈ അസ്വാരസ്യങ്ങൾ അവസാനിച്ചത്.
പാക്കിസ്ഥാൻ ക്രിക്കറ്റിലെ മികച്ച സ്പിന്നർമാരിൽ ഒരാളായ മുഷ്താഖ് അഹമ്മദ് 144 ഏകദിനങ്ങളിലും 52 ടെസ്റ്റുകളിലുമായി മുന്നൂറിലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. മറുവശത്ത് 37 ടെസ്റ്റുകളിലും 32 ഏകദിനങ്ങളിലും ഇംഗ്ലണ്ടിനായി ജേഴ്സിയണിഞ്ഞ ഡൊമിനിക് കോർക്ക് ആകെ 172 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ്.




